kk

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ നീക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. വിവാഹം ഉത്സവം അടക്കമുള്ള പരിപാടികള്‍ക്ക് ആള്‍ക്കൂട്ടം അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചു. തിയേറ്ററുകളിലും മാളുകളിലും നിയന്ത്രണം വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിദ്യാഭ്യസ സ്ഥാപനങ്ങളും സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തനങ്ങളും തുടരാം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. പ്രാദേശിക സ്ഥിതി അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് അന്തിമതീരുമാനമെടുക്കാമെന്നും കത്തിൽ പറയുന്നു. അതേസമയം കൊവിഡ് പ്രതിരോധത്തിനായി മാസ്‌കും സാമൂഹിക അകലവും തുടരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 24ന് ഏര്‍പ്പെടുത്തിയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു. ഈ ഉത്തരവ് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പലവട്ടം പുതുക്കിയിരുന്നു. അവസാനം പുതുക്കി ഇറക്കിയ ഉത്തരവിന്റെ കാലാവധി ഈ 31ന് അവസാനിക്കുകയാണ്. ഇനി പുതിയ ഉത്തരവ് ഇറക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് ആഴ്ചയായി രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്. നിലവില്‍ 23,913 പേരാണ് രോഗബാധിതരായി ചികിത്സയില്‍ ഉള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.28 ശതമാനമാണ്. വാക്‌സിന്‍ വിതരണവും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കത്തില്‍ പറയുന്നു. മാസ്‌ക്, സാമൂഹ്യ അകലം, കൈകളുടെ വൃത്തി തുടങ്ങിയവ തുടരണം. കൊവിഡിന്റെ സവിശേഷത കണക്കിലെടുത്ത് ജനങ്ങള്‍ തുടര്‍ന്നും ജാഗ്രതയോടെയിരിക്കണം. കേസുകള്‍ വര്‍ദ്ധിക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ സംസ്ഥാനങ്ങള്‍ക്കു സ്വന്തം നിലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.