
മുംബയ്: ഓൾറൗണ്ടർ ഹാർദിക്ക് പാണ്ഡ്യ ഇനിയൊരിക്കലും ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനുള്ള സാദ്ധ്യതയില്ലെന്ന് ദേശീയ ടീമിന്റെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ഹാർദിക്ക് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി ഇടവേള എടുക്കുകയായിരുന്നു. എന്നാൽ ഐ പി എല്ലിലൂടെ മടങ്ങിവരവിന് ശ്രമിക്കുന്ന ഹാർദിക്കിന് പഴയ ബൗളിംഗ് മികവ് പുറത്തെടുക്കാൻ സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.
ഓസ്ട്രേലിയയിൽ ഈ വർഷം നടക്കുന്ന ടി ട്വന്റി ലോകകപ്പിനുള്ള ടീമിൽ ഹാർദിക്കിന് ഇടംപിടിക്കാൻ സാധിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് രവി ശാസ്ത്രി വ്യക്തമാക്കി. പരിക്കേറ്റതിനെ തുടർന്ന് ഹാർദിക്കിന് തന്റെ ബൗളിംഗ് ആക്ഷനിൽ നിരവധി മാറ്രങ്ങൾ വരുത്തേണ്ടി വരുമെന്നും ഇത് അദ്ദേഹത്തിന്റെ ബൗളിംഗിനെ വളരെയേറെ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നും രവി ശാസ്ത്രി പറഞ്ഞു.
തന്റെ അഭിപ്രായത്തിൽ ആറാം നമ്പറിൽ ഇന്ത്യയ്ക്ക് ആവശ്യം ഒരു ഓൾറൗണ്ടറിനെയാണെന്നും ഹാർദിക്ക് തന്റെ ബൗളിംഗ് മികവ് തിരിച്ചുപിടിക്കാതെ ആ സ്ഥാനത്തേക്ക് മടങ്ങിയെത്താൻ സാധിക്കില്ലെന്നും രവി ശാസ്ത്രി പറഞ്ഞു. ബാറ്റ്സ്മാനായി ഹാർദ്ദിക്കിന് ഐ പി എല്ലിൽ തുടരാമെങ്കിലും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കപ്പെടാൻ ബാറ്റിംഗ് മികവ് കൊണ്ട് കാര്യമില്ലെന്നും ഇന്ത്യയ്ക്ക് ഇപ്പോൾ തന്നെ ആവശ്യത്തിലേറെ കൂറ്റനടിക്കാർ ഉണ്ടെന്നും ശാസ്ത്രി സൂചിപ്പിച്ചു.
അടുത്ത് ലോകകപ്പിനായി ഫീൽഡിംഗിലും ഫാസ്റ്റ് ബൗളർമാരുടെ വിഭാഗത്തിലുമാണ് ഇന്ത്യ മെച്ചപ്പെടേണ്ടതെന്നും ബാറ്റിംഗിനെ കുറിച്ച് വേവലാതിപ്പെടേണ്ടെന്നും ഇന്ത്യയ്ക്ക് ബാറ്റിംഗ് മികവ് വേണ്ടുവോളം ഉണ്ടെന്നും രവി ശാസ്ത്രി വ്യക്തമാക്കി.