
ബെംഗലൂരു: ഭര്‍ത്താവാണെങ്കിലും ഭാര്യയുടെ സമ്മതമില്ലാതെ അവരെ ലൈംഗികമായി പീഡിപ്പിക്കുന്ന ക്രൂരമായ പ്രവൃത്തിയെ ബലാത്സംഗമെന്നല്ലാതെ വിശേഷിപ്പിക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയെ ലൈംഗിക അടിമയാകാന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ ഭര്‍ത്താവിനെതിരേ ബലാത്സംഗക്കുറ്റം ചുമത്താന്‍ അനുമതി നല്‍കിയ കര്‍ണാടക ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവിലാണ് ഈ പരാമര്‍ശം.
മനസിനുള്ളിലെ 'ക്രൂരമൃഗത്തെ അഴിച്ചുവിടാനുള്ള' ലൈസന്‍സല്ല വിവാഹമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരുടെ ശരീരവും മനസ്സും ആത്മാവും അടക്കി ഭരിക്കുന്ന ഭരണാധികാരികളാണെന്നുള്ള പുരാതനമായ ചിന്തയും കീഴ്വഴക്കവും അവസാനിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഈ ചിന്താഗതി കാരണമാണ് ഇത്തരം കേസുകള്‍ രാജ്യത്ത് പെരുകുന്നതെന്നും ഉത്തരവില്‍ പറയുന്നു
വിവാഹം കഴിഞ്ഞതുമുതല്‍ ലൈംഗിക അടിമയെപ്പോലെയാണ് ഭര്‍ത്താവ് തന്നോട് പെരുമാറിയതെന്ന് കേസ് പരിഗണിക്കുന്നതിനിടെ സ്ത്രീ കോടതിയില്‍ പറഞ്ഞിരുന്നു. മകളുടെ മുന്നില്‍ വച്ച് പോലും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.ഭര്‍ത്താവാണെന്ന കാരണത്താല്‍ ഏതെങ്കിലുമൊരാളെ ലൈംഗിക പീഡന കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ അത് നിയമത്തിലെ അസമത്വവും ഭരണഘടനാ ലംഘനവുമാണെന്ന് ഹൈക്കോടതി പറഞ്ഞു.