
മനാമ : സമനില പ്രതീക്ഷകൾ നൽകിയ ശേഷം ഇന്ത്യ ഇന്നലെ അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ തോൽവി ഏറ്റുവാങ്ങി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. മനാമയിൽ നടന്ന മത്സരത്തിന്റെ 37-ാം മിനിട്ടിൽ മൊഹമ്മദ് അൽ ഹർദാനിലൂടെ ബഹ്റിനാണ് ആദ്യം സ്കോർ ചെയ്തത്.59-ാം മിനിട്ടിൽ രാഹുൽ ഭെക്കെയാണ് ഇന്ത്യയ്ക്ക് സമനില നൽകിയത്.88-ാം മിനിട്ടിൽ മെഹ്‌ദി അൽ ഹുമൈദാൻ നേടിയ ഗോളിനാണ് ബഹ്റിൻ വിജയം നേടിയത്.
ഫിഫ റാങ്കിംഗിൽ 104-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഇതുവരെ 89-ാം റാങ്കിലുള്ള ബഹ്റിനെ തോൽപ്പിക്കാനായിട്ടില്ല.
ബഹ്റിനുമായി ഇതുവരെ കളിച്ച ആറിൽ അഞ്ചുമത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. 1982ൽ ഗോൾരഹിത സമനിലയിൽ തളച്ചതാണ് ഇന്ത്യയുടെ മികച്ച പ്രകടനം.ഇതുവരെ 22 മത്സരങ്ങളിൽ കോച്ചായ സ്റ്റിമാച്ചിന് ആറ് വിജയങ്ങൾ മാത്രമേ നൽകാനായിട്ടുളളൂ.