
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇന്ധനവില വർദ്ധിക്കുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. നിരക്ക് വർദ്ധന ഉറപ്പു നൽകിയിട്ടും സർക്കാർ തീരുമാനം വൈകുന്നെന്ന് ബസുടമകൾ പറഞ്ഞു.
മിനിമം ചാർജ് പത്ത് രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് ആറ് രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർഷിക പരീക്ഷ തുടങ്ങിയതിനാൽ സമരം വിദ്യാർത്ഥികളെയും ബാധിക്കും. അതേസമയം തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. 62 ബസുകളാണ് സർവീസ് നടത്തുന്നത്.
യാത്രാനിരക്ക് കൂട്ടാനുള്ള തീരുമാനം നേരത്തെ എടുത്തതാണെന്നും എന്നുമുതൽ വർദ്ധിപ്പിക്കണമെന്ന് കാര്യത്തിൽ മാത്രമാണ് തീരുമാനമെടുക്കാനുള്ളതെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. സമരത്തിലൂടെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്ന് കരുതേണ്ടെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതൽ കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്താനാണ് സർക്കാരിന്റെ തീരുമാനം.