
കൊണ്ടോട്ടി: ഇന്നലെ രാവിലെ കൊണ്ടോട്ടിയിലുണ്ടായ അപകടത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സ് ഒഴുകൂർ നെരവത്ത് സുജീഷിന്റെ ഭാര്യ സി. വിജി (26) മരിച്ചത്. യുവതി സഞ്ചരിച്ച സ്വകാര്യ ബസിൽ നിയന്ത്രണം വിട്ട ലോറിയിടിക്കുകയായിരുന്നു.
നാട്ടുകാർക്കാകെ തീരാനൊമ്പരമായിരിക്കുകയാണ് ഈ ഇരുപത്തിയാറുകാരി. നാലുമാസം മുമ്പായിരുന്നു വിജിയുടെ വിവാഹം. ഇന്നലെ ജന്മദിനമായിരുന്നു. വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യ പിറന്നാൾ ജോലികഴിഞ്ഞു വന്നതിനുശേഷം ആഘോഷിക്കാമെന്ന ധാരണയിലായിരുന്നു വിജിയും സുജീഷും.
ചിരിച്ചുകൊണ്ട് വീട്ടിൽ നിന്നിറങ്ങിയ ഭാര്യ ഇനി മടങ്ങിവരില്ലെന്ന് വിശ്വസിക്കാൻ സുജീഷിന് കഴിഞ്ഞിട്ടില്ല. ജോലിക്കായി അതിരാവിലെ വീട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു. സുജീഷാണ് ഇവരെ ഒഴുകൂരില്‍നിന്ന് മൊറയൂരില്‍ എത്തിച്ച് കോഴിക്കോട്ടേക്കുള്ള ബസില്‍ കയറ്റിവിട്ടത്.
ഇന്നലെ രാവിലെ ആറോടെ കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കൊണ്ടോട്ടി ബൈപ്പാസ് റോഡിലായിരുന്നു അപകടം. കൊണ്ടോട്ടി ഭാഗത്തുനിന്ന് വരികയായിരുന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ കയറി കാളികാവിൽ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിലിടിക്കുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ബസ് ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു.
വാഹനത്തിനുള്ളിൽ നിന്ന് ഏറെ പണിപ്പെട്ടാണ് നാട്ടുകാർ പരിക്കേറ്റവരെ പുറത്തെടുത്തത്. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിജിയെ രക്ഷിക്കാനായില്ല. പിതാവ്: കൃഷ്ണൻ കുനിയിൽ(വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി). മാതാവ്: ദേവകി. സഹോദരങ്ങൾ: ശിഖറിയ, ലിജി. അപകടം വരുത്തിയ ലോറി ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.