
തനതായ അവതരണ ശൈലിയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്നയാളാണ് ജീവ. ഭാര്യയും മോഡലുമായ അപർണയ്ക്കും ആരാധകരേറെയാണ്. ഇരുവരും യുട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയുമൊക്കെ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ദമ്പതികൾ ബിഗ്‌ബോസിൽ മത്സരാർത്ഥികളായി എത്തുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ വിമാനയാത്രയാണ് ഇത്തരത്തിലുള്ള കിംവദന്തികൾക്കിടയാക്കിയത്. എന്നാൽ തങ്ങൾ മാലിദ്വീപിലാണ് ഉള്ളതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജീവയിപ്പോൾ. ഭാര്യയ്‌ക്കൊപ്പം വെക്കേഷൻ ആഘോഷിക്കുന്ന ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഒരു ബ്രേക്ക് ആവശ്യമായിരുന്നെന്നും ജീവ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. വെള്ളയില്‍ നീല പ്രിന്‍റുള്ള ബിക്കിനിയില്‍ അതീവ ഗ്ലാമറസായി നില്‍ക്കുന്ന അപര്‍ണയും കളര്‍ഫുള്‍ ഷര്‍ട്ടണിഞ്ഞ് ജീവയുമാണ് ചിത്രത്തിലുള്ളത്.
ഇത് ആറാം തവണയാണ് താൻ മാലിദ്വീപിലെത്തുന്നതെന്നും കഴിഞ്ഞ സന്ദർശനങ്ങളെല്ലാം ജോലിയുടെ ഭാഗമായിരുന്നെന്നും അപർണ വ്യക്തമാക്കി. ഇത്തവണ യാത്ര സ്നേഹിതനൊപ്പമാണെന്നും അപർണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിനോദ സഞ്ചാരികളുടെ പറുദീസയാണ് മാലിദ്വീപ്. സണ്ണി ലിയോൺ അടക്കമുള്ള താരങ്ങൾ ഇവിടെയാണ് പതിവായി അവധി ആഘോഷിക്കുന്നത്. വിസ നടപടികൾ ആവശ്യമില്ലെന്നതാണ് വിനോദ സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കാനുള്ള പ്രധാന കാരണം. വാക്സിനേഷൻ പൂർത്തിയാക്കിയ രാജ്യാന്തര യാത്രക്കാർക്ക് ഇനി മുതൽ ആർടിപിസിആർ പരിശോധനാ ഫലം ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.