putin-nato

കീവ്: യുക്രെയിനിൽ രാസായുധങ്ങൾ ഉപയോഗിക്കരുതെന്ന് റഷ്യക്ക് മുന്നറിയിപ്പ് നൽകി നാറ്റോ. ഇന്നു നടക്കാനിരിക്കുന്ന അടിയന്തര യോഗത്തിന് മുന്നോടിയായിട്ടാണ് മുന്നറിയിപ്പ് നൽകിയത്. ഇതു കൂടാതെ കീവിന് സൈബർ സുരക്ഷ ഉൾപ്പടെയുള്ള അധിക സഹായങ്ങളും നാറ്റോ വാഗ്ദാനം ചെയ്തു. യുക്രെയനിലെ സംഘർഷം 29 ദിവസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ നഗരങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാൻ ഒമ്പത് രക്ഷാ ഇടനാഴികൾ സ്ഥാപിക്കാൻ റഷ്യ യുക്രെയിനുമായി ധാരണയിലെത്തി.

അതേസമയം യുക്രെയിനെതിരെ റഷ്യ രാസ, ജൈവ, ആണവായുധങ്ങൾ ഉപയോഗിച്ചാൽ അതിനെ നേരിടാനായി അമേരിക്ക ഒരു സൈനിക (കണ്ടിൻജെൻസി) പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ യുക്രെയിനിലേക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും എത്തിക്കുന്ന നാറ്റോയുടെ വാഹനവ്യൂഹങ്ങളെ റഷ്യ ആക്രമിക്കുകയാണെങ്കിൽ അതിനെതിരെ ശക്തമായ തിരിച്ചടി നൽകുന്നതിനെ പറ്റി ടൈഗർ ടീം എന്നറിയപ്പെടുന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു സംഘവും ആലോചിക്കുന്നുണ്ട്. ഇന്ന് നടക്കാനിരിക്കുന്ന നാറ്റോയിലെ അംഗരാജ്യങ്ങളുടെ നേതാക്കളുടെ യോഗത്തിൽ ഇവയെ പറ്റിയാകും മുഖ്യ ചർച്ച.

നിലവിൽ ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യം യുക്രെയിനിൽ ഇല്ലെന്നും റഷ്യയുടെ നിലനിൽപ്പിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ആണവായുധങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങൾ ആർക്കും പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കഴിഞ്ഞ ദിവസം ചെർണൊബിൽ ആണവ നിലയത്തിൽ പ്രവർത്തിച്ചിരുന്ന ലബോറട്ടറി റഷ്യൻ സൈന്യം തകർത്തിരുന്നു. സജീവമായ റേഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമുള്ള ലാബ് തകർന്നത് വൻ ആശങ്കയാണ് ഉയർത്തുന്നത്. റേഡിയേഷൻ പുറത്ത് വിടാൻ കഴിവുള്ള ഹൈലീ ആക്ടീവ് സാമ്പിളുകൾ റഷ്യ തട്ടിയെടുത്തെന്നും ഏജൻസി വ്യക്തമാക്കി. റേഡിയോ ആക്ടീവ് മാലിന്യ സംസ്‌കരണം മെച്ചപ്പെടുത്തുന്നതിന് നിർമ്മിച്ച പുതിയ ലാബാണിത്. അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ റഷ്യൻ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷൻ അളക്കുന്ന സംവിധാനങ്ങൾ പൂർണമായും നിലച്ചതായി യുക്രെയിന്റെ ന്യൂക്ലിയർ റെഗുലേറ്ററി ഏജൻസി അറിയിച്ചിരുന്നു. യുറോപ്യൻ കമ്മിഷന്റെ പിന്തുണയോടെ 2015ൽ ആറ് ദശലക്ഷം യൂറോ ചെലവഴിച്ചാണ് ലബോറട്ടറി വീണ്ടും പ്രവർത്തനസജ്ജമാക്കിയത്. 1986ൽ ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തത്തിന് ശേഷമാണ് ലാബ് പുനർനിർമ്മിച്ചത്‌.