
കോട്ടയം: സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിൽ പ്രതിഷേധിച്ച് ഇന്നും സംസ്ഥാനത്ത് പ്രതിഷേധം ശക്തം. കോട്ടയം കുഴിയാനിപ്പടിയിൽ വീണ്ടും കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും സമരസമിതിയും ചേർന്ന് തടഞ്ഞു. രാവിലെ ഏഴരയോടെ ലോറിയിൽ കല്ലുകളുമായി കെ റെയിൽ ഉദ്യോഗസ്ഥരും തഹസിൽദാരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

തുടർന്ന് സമരക്കാരും നാട്ടുകാരും സ്ഥലത്ത് തടിച്ചു കൂടി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഈ പ്രദേശത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞിരുന്നു.

അതേസമയം, കോട്ടയം നട്ടാശേരിയിൽ കഴിഞ്ഞ ദിവസം കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ 105 പേർക്കെതിരെ പൊലീസ് കേസെടുത്തു. കല്ലിടൽ തുടർന്നാൽ ഇന്നും പ്രതിഷേധിക്കാൻ തന്നെയാണ് സമരക്കാരുടെ നീക്കം.
എറണാകുളം ചോറ്റാനിക്കരയിൽ സമരപ്പന്തൽ കെട്ടി രാപകൽ സമരമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് പിഴുതു മാറ്റിയ കല്ലുകളുമായി ബിജെപി പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി.