sruthi

ബംഗളൂരു: മലയാളി മാദ്ധ്യമപ്രവർത്തകയെ ബംഗളൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് വിദ്യാനനഗർ സ്വദേശി ശ്രുതിയെയാണ് (28)​ ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റോയിട്ടേഴ്സിന്റെ ബംഗളൂരൂ ഓഫീസിലെ സബ് എഡിറ്ററാണ് ശ്രുതി.

ശ്രുതിയും ഭർത്താവ് അനീഷും നല്ലൂറഹള്ളിയിലുള്ള മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. മരണദിവസം അനീഷ് നാട്ടിലായിരുന്നു. ശ്രുതിയുടെ അമ്മ നാട്ടിൽ നിന്നും പലവട്ടം വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ ബംഗളൂരുവിൽ എഞ്ചിനിയറായ സഹോദരൻ നിശാന്തിനോട് കാര്യം പറഞ്ഞു. തുടർന്ന് നിശാന്ത് ശ്രുതിയുടെ അപ്പാർട്ടിമെന്റിലെ സെക്യൂരിറ്റിയെ ബന്ധപ്പെടുകയായിരുന്നു.

സെക്യൂരിറ്റി എത്തിയ സമയത്ത് മുറി അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചു വർഷം മുമ്പാണ് ശ്രുതിയുടെ വിവാഹം നടന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന നാരായണൻ പേരിയയുടെയും അദ്ധ്യാപികയായിരുന്ന സത്യഭാമയുടെ മകളാണ് ശ്രുതി.