
നടൻ വിനായകൻ നടത്തിയ വിവാദ പ്രസ്‌താവനയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയരുകയാണ്. മീടൂ എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യാൻ തോന്നിയാൽ അത് നേരിട്ട് ചോദിക്കുമെന്നും വിനായകൻ പറഞ്ഞു. അതിന് പിന്നാലെ വിനായകനെ വിമർശിച്ച് നിരവധി പേർ എത്തി. വിനായകൻ ഒരു മഹാ അപമാനമാണെന്നും മഹാപരാജയമാണെന്നുമാണ് എഴുത്തുകാരി ശാരദക്കുട്ടി കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്.
ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴ ച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം !! മഹാനാണക്കേട് !.. കലാകാരനാണത്രേ..