remya-haridas

ന്യൂഡൽഹി: സിൽവർ ലൈനിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്തുവെന്ന ആരോപണവുമായി രമ്യ ഹരിദാസ് എംപി. ഒരു വനിതാ എംപി ആയിരുന്നിട്ടും പുരുഷ പൊലീസുകാരെ ഉപയോഗിച്ചാണ് തടഞ്ഞതെന്നും ഒരു സ്ത്രീയെന്ന പരിഗണന തനിക്കില്ലേയെന്നും രമ്യ ഹരിദാസ് ചോദിക്കുന്നു.

ഒരു പാർലമെന്റ് അംഗമെന്ന നിലയിൽ പാർലമെന്റിലേക്ക് പ്രവേശിക്കാൻ എത്തിയപ്പോൾ എന്തിനാണ് തടഞ്ഞുനിർത്തിയതെന്നും അവർ ചോദിച്ചു. 'കെറെയിലുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നതിന് വേണ്ടി എത്തിയ ഞങ്ങളെ വഴിയിൽ തടഞ്ഞു നിർത്തി. ഇതിന് ആരാണ് ആഹ്വാനം ചെയ്തത്?'- മാദ്ധ്യമങ്ങളോട് സംസാരിക്കവേ രമ്യ ഹരിദാസ് ചോദിച്ചു.

പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്ക് മാർച്ച് നടത്തിയ കേരളത്തിൽ നിന്നുള്ള അംഗങ്ങളെയാണ് പൊലീസ് മർദ്ദിച്ചത്. ഹൈബി ഈഡന്റെ മുഖത്തടിച്ചു. ടി എൻ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചുതള്ളി. ബെന്നി ബഹനാന്റെ കോളറിൽ പിടിച്ചുവലിക്കുകയും ചെയ്തു. സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഹൈബി ഈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.