sruthi

കണ്ണൂർ: മലയാളി മാദ്ധ്യമപ്രവർത്തകയെ ബംഗളൂരൂവിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പെൺകുട്ടിയുടെ കുടുംബം. റോയിട്ടേഴ്സിലെ മാദ്ധ്യമപ്രവർത്തകയായ ശ്രുതിയെയാണ് മാർച്ച് 20ന് ബംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നാല് വർഷം മുമ്പാണ് കാസർകോട് സ്വദേശി ശ്രുതിയും കണ്ണൂർ സ്വദേശിയും ബംഗളൂരൂവിൽ സോ‌ഫ്ട്‌വെയർ എഞ്ചിനിയറുമായ അനീഷും വിവാഹിതരായത്. വിവാഹശേഷം ശ്രുതിയെ മാനസികമായും ശാരീരികമായി അനീഷ് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

പണത്തെ ചൊല്ലിയായിരുന്നു ഇരുവർക്കുമിടയിൽ തർക്കമുണ്ടാകുന്നത്. ചോദിച്ച പണം കൊടുക്കാത്തതിന്റെ പേരിൽ ശ്രുതിയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് സഹോദരൻ നിഷാന്ത് പറഞ്ഞു. ദേഷ്യം വരുമ്പോഴെല്ലാം ശരീരമാസകലം കടിച്ചു മുറിവേൽപ്പിച്ചിരുന്നതായും സഹോദരി പറഞ്ഞ് അറിയാമെന്ന് നിഷാന്ത് പറയുന്നു.

ശ്രുതിയും ഭർത്താവ് അനീഷും ബംഗളൂരു നല്ലൂറഹള്ളിയിലുള്ള മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. മരണദിവസം അനീഷ് നാട്ടിലായിരുന്നു. ശ്രുതിയുടെ അമ്മ നാട്ടിൽ നിന്നും പലവട്ടം വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ ബംഗളൂരുവിൽ എഞ്ചിനിയറായ സഹോദരൻ നിഷാന്തിനോട് കാര്യം പറഞ്ഞു.

തുടർന്ന് നിഷാന്ത് ശ്രുതിയുടെ അപ്പാർട്ടിമെന്റിലെ സെക്യൂരിറ്റിയെ ബന്ധപ്പെടുകയായിരുന്നു. സെക്യൂരിറ്റി എത്തിയ സമയത്ത് മുറി അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നു. സംശയം തോന്നി പൊലീസിൽ അറിയിച്ച് അവരെത്തി വാതിൽ തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനം കാരണമാണ് മരിക്കുന്നതെന്ന കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനീഷിനെതിരെ സ്ത്രീധനപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ബംഗളൂരൂ പൊലീസ് കേസെടുത്തിട്ടുണ്ട്.