mullaperiyar

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് ശുപാർശ തയ്യാറാക്കാന്‍ കേരളത്തിനോടും തമിഴ്‌നാടിനോടും ഉടൻ സംയുക്ത യോഗം ചേരാനും കോടതി നിര്‍ദേശിച്ചു. പുതിയ അണക്കെട്ട് സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതി എടുക്കട്ടെയെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് കൂടുതല്‍ അധികാരം നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. പുതിയ അണക്കെട്ട് വേണമെന്ന് ഇന്നും കോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.

നിലവിൽ മേൽനോട്ട സമതിക്ക് പറയത്തക്ക അധികാരങ്ങൾ ഒന്നുമില്ലെന്ന് ഇരുസംസ്ഥാനങ്ങളും കോടതിയെ അറിയിച്ചിരുന്നു. സമിതിയിൽ സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. ഉത്തരവിൽ ഇക്കാര്യത്തിൽ വ്യക്തതവരുമെന്ന് അറിയിച്ച കോടതി അണക്കെട്ട് സുരക്ഷിതമാണോയെന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധര്‍ ആണെന്നും വ്യക്തമാക്കി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയില്‍ ഇല്ലെന്നും ബെഞ്ച് അറിയിച്ചു. ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓക, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.