
തൃശൂർ: മദ്യപിച്ച് ബഹളം വച്ചതിന്റെ പേരിൽ തൃശൂരിൽ യുവാവ് സഹോദരനെ കൊലപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പ്രതി സാബു സഹോദരൻ ബാബുവിനെ കൊന്ന് കുഴിച്ചുമൂടിയത്. തൃശൂർ ചേർപ്പിൽ മുത്തുള്ളി സ്വദേശികളാണ് ഇരുവരും.
ചേട്ടൻ ബാബുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നുവെന്ന് സാബു പൊലീസിനോട് സമ്മതിച്ചു.
കഴിഞ്ഞ19ന് ബാബുവിനെ കാണാനില്ലെന്ന് കാട്ടി പ്രതി സാബുവും അമ്മയുമാണ് പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ ബാബുവിന്റെ വീടിന് സമീപത്തുള്ള പറമ്പിൽ മണ്ണ് മാറി കിടക്കുന്നത് കണ്ട് പശുവിനെ മേയ്‌ക്കാനെത്തിയ സമീപവാസിക്ക് സംശയം തോന്നിയിരുന്നു.
അയാൾ മറ്റു നാട്ടുകാരെയും വിളിച്ച് മണ്ണ് മാറ്റി നോക്കിയപ്പോൾ കൈയുടെ ഒരു ഭാഗം പുറത്തു കണ്ടു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.
നിരന്തരം വീട്ടിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് കൊല നടത്തിയതെന്ന് സാബു പൊലീസിനോട് വെളിപ്പെടുത്തിയത്.