stress

വിജയമല്യയിൽ തുടങ്ങി നീരജ് മോദിയിലൂടെ ഋഷി അഗർവാളിൽ എത്തിപ്പെടുന്ന ബാങ്ക് തട്ടിപ്പുകളുടെ തോത് കണക്കാക്കിയാൽ താമസിയാതെ ഒരുലക്ഷം കോടി എന്ന സ്വപ്നസംഖ്യയുമായി ഒരു സ്രാവോ തിമിംഗലമോ പ്രത്യക്ഷപ്പെടുമെന്ന് നിസംശയം പറയാം.

ഇത്തരം സന്ദർഭങ്ങളിൽ മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലും പിടിച്ചു നിൽക്കാനുള്ള വ്യഗ്രതയിലും ബാങ്കുകൾ ജീവനക്കാരിൽ അധിക ജോലിഭാരം അടിച്ചേൽപ്പിക്കുകയാണ് പതിവ്. ഒരുകാലത്തു നിക്ഷേപ സമാഹരണത്തിലും വായ്പാവിതരണത്തിലും നിഷ്‌ക്രിയ ആസ്‌തി തിരിച്ചുപിടിക്കലിലുമാണ് ഊന്നൽ നൽകിയിരുന്നതെങ്കിൽ ഇപ്പോളത് ഇൻഷുറൻസ് മ്യൂച്വൽ ഫണ്ട് തുടങ്ങി ഇരുപതോളം ടാർജറ്റുകളുടെ നീണ്ടനിരയിൽ എത്തിപ്പെട്ടിരിക്കുന്നു.

വായ്പാത്തട്ടിപ്പുകൾ പലപ്പോഴും ബാങ്കുകളുടെ നിലവിലുള്ള വാർഷിക ലാഭത്തെ നഷ്ടത്തിൽ കൂപ്പുകുത്തിപ്പിക്കുകയും നിഷ്‌ക്രിയ ആസ്തിയുടെ തോത് ക്രമാതീതമായി വർദ്ധിക്കുകയും ബാങ്കിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറുകയും ചെയ്യുന്നു. ദുഷ്ടലാക്കോടെ സ്വകാര്യ കുത്തകകൾ എടുക്കുന്ന ഇത്തരം വായ്പ്പകൾക്ക് തുച്ഛമായ ഈടുകളാണ് ലഭിക്കുക എന്നു മാത്രമല്ല വകമാറ്റി ചെലവഴിക്കുകയും വിദേശനിക്ഷേപം നടത്തുകയും ചെയ്യുന്നു. കിട്ടാക്കടമാകുന്ന വേളയിൽ തിരിച്ചുപിടിക്കുക എന്ന ഭാരിച്ച ദൗത്യം നിയമ കുരുക്കിലും മറ്റു സാങ്കേതിക പിഴവിലും നീണ്ടുപോവുകയും പലപ്പോഴും സിംഹഭാഗവും എഴുതിത്തള്ളാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.

വിവിധ ബാങ്കുകൾ 2001 ൽ സ്വയം വിരമിക്കൽ പദ്ധതി ആവിഷ്‌ക്കരിക്കുകയും 10 വർഷം പകരക്കാരെ നിയമിക്കാതിരുന്നതും മറ്റൊരു പ്രഹരമായി മാറി. അതുപോലെ 2017 മുതൽ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചു പോന്ന വിവിധ ബാങ്കുകളുടെ ലയനം സാങ്കേതിക കുരുക്കിൽ എത്തിപ്പെടുകയും ഇടപാടുകാരുടെ കൊഴിഞ്ഞുപോക്കിൽ കലാശിക്കുകയും ചെയ്തു.

ബാങ്കിങ് മേഖലയെ തകർക്കുന്നതും ബാങ്ക് ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതുമായ ഭീമൻ സ്വകാര്യ വായ്പ്പകൾക്ക് കടിഞ്ഞാണിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കിട്ടാക്കടമാകുമ്പോൾ തലനാരിഴ കീറിയുള്ള അന്വേഷണങ്ങളുടെ ഒരംശം വായ്പാവിതരണ വേളയിൽ കാണിക്കുകയും കൊടുക്കുന്ന വായ്പ വകമാറ്റാതെ ലക്ഷ്യത്തിൽ എത്തിപ്പെടുന്നു എന്ന ഉറപ്പ് വരുത്തുകയും ചെയ്തിരുന്നെങ്കിൽ ഇത്തരം കുംഭകോണങ്ങൾക്കു അറുതി വന്നേനെ.
ആർക്കും കൊട്ടാവുന്ന ചെണ്ടയായി ബാങ്ക് ജീവനക്കാർ മാറുന്ന കാഴ്ചയും നാം കാണാറുണ്ട്. തന്റേതല്ലാത്ത കുറ്റത്തിനു ഇടപാടുകാരുടെ പരസ്യ ശകാരത്തിനും തുടർന്ന് ഉന്നതങ്ങളിൽ നിന്നുള്ള നടപടികൾക്കും ഇരയാകുന്നു. ബാങ്കിങ് ഓംബുഡ്സമാനു നൽകി വരുന്ന താരപരിവേഷമാണ് ഇതിനു കാരണം. കൊവിഡിന്റെ പിടിയിൽപ്പെട്ടു ബിസിനസ് മേഖല താറുമാറായതോടെ ബാങ്കിന്റെ കിട്ടാക്കടത്തിന്റെ കുതിപ്പ് എരിതീയിൽ എണ്ണ പകർന്നതു പോലെയായി.

ബാങ്കിലെ വർക്ക് പ്രഷറും കുടുംബ പ്രാരാബ്ധങ്ങളും മക്കളുടെ വിദ്യാഭ്യാസവും കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിൽ ഞെരിഞ്ഞമരുന്നതു ഭൂരിഭാഗവും സ്ത്രീ ജീവനക്കാരാണ്. ഒരു നിമിഷം കാലിടറുകയും ബാങ്ക് ക്യാബിനിലെ സീലിംഗ് ഫാനിൽ ജീവിതം ഹോമിക്കപ്പെടാൻ വിധിക്കപ്പെടുകയും ചെയ്ത സ്വപ്നയെപ്പോലെ എത്രയോ ഉദാഹരണങ്ങൾ മുന്നിലുണ്ട്.

അന്നം തേടിയുള്ള പരക്കം പാച്ചിലിൽ ബാങ്കിൽ എത്തിപ്പെട്ട് പൂജ്യം (0) മുതൽ ഒൻപതു (9) വരെയുള്ള അക്കങ്ങൾ കൂട്ടികിഴിച്ചു ഗണിച്ചാൽ കിട്ടുന്നത് ' ഇമ്മിണി ബല്യ പൂജ്യ ' മാകാതിരിക്കാനും, താങ്ങാൻ പറ്റാത്ത ജോലിഭാരം കുറച്ച്, മറ്റുള്ളവരെപ്പോലെ ആനന്ദപൂർണമായ ജീവിതം നയിക്കാൻ ഇക്കൂട്ടർക്കു കൈത്താങ്ങായി കേന്ദ്ര സംസ്ഥാന സർക്കാരുകളും റിസർവ് ബാങ്കും കൈകോർക്കുമെന്ന് പ്രത്യാശിക്കാം.


ലേഖകന്റെ ഫോൺ: 9847862420