
ന്യൂയോർക്ക്: ഇന്ന് വാട്സാപ്പാണെല്ലാം. മെസേജ് അയക്കാനും, വീഡിയോ കോൾ വിളിക്കാനും സുഹൃദ്ബന്ധങ്ങൾ പുതുക്കാൻ ഗ്രൂപ്പുകളിൽ ഒത്തുചേരാനും നാം ഉപയോഗിക്കുന്ന വാട്സാപ്പ് ഇന്ന് ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. ആധാർ കാർഡും റേഷൻ കാർഡും ഇല്ലെങ്കിൽ പോലും ജീവിക്കാം, എന്നാൽ വാട്സാപ്പില്ലാതെ ജീവിക്കാനാവില്ല എന്ന അവസ്ഥയാണിപ്പോഴുള്ളത്. ഒരു ഫോട്ടോയോ ഫയലോ മറ്റൊരാൾക്ക് അയച്ചു കൊടുക്കാം എന്നതിന് നാം പറയുന്ന ശൈലി തന്നെ മാറിപ്പോയി. വാട്സാപ്പ് ചെയ്യാം എന്നാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. കൊവിഡിൽ പഠനം വഴി മുട്ടിയപ്പോൾ അതിനെ അതിജീവിക്കുന്നതിൽ വലിയ പങ്ക് വഹിച്ച ആപ്ലിക്കേഷനാണ് വാട്സാപ്പ്. പഠനം മാത്രമല്ല ജോലി സംബന്ധമായും വാട്സാപ്പിന് വലിയ ഉപയോഗങ്ങളുണ്ട്.
വളരെ വൈകിയാണെങ്കിലും ടെലിഗ്രാം, മെസഞ്ചർ പോലെയുള്ള ആപ്പുകളിലെ അത്യാവശ്യ ഫീച്ചറുകൾ വാട്സാപ്പും കൊണ്ടു വരാറുണ്ട്. അത്തരത്തിൽ രണ്ട് അപ്‌ഡേറ്റുകളുമായാണ് വാട്സാപ്പ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അതിൽ ആദ്യത്തേത് മൾട്ടി ഡിവൈസ് സപ്പോർട്ടും രണ്ടാമത്തേത് മെസേജ് റിയാക്ഷനുമാണ്. ഒരേസമയം നാലോളം വ്യത്യസ്ത ഡിവൈസുകളിൽ വാട്സാപ്പ് ഉപയോഗിക്കാൻ സഹായിക്കുന്നതാണ് മൾട്ടി ഡിവൈസ് സപ്പോർട്ട്. ഇത് എല്ലാ ഉപഭോതക്താക്കൾക്കും ലഭ്യമാണ്. ഓരോ മെസേജുകൾക്കും തിരിച്ച് മെസേജ് അയക്കാതെ തന്നെ പ്രതികരിക്കാൻ അവസരം നൽകുന്ന രണ്ടാമത്തെ ഫീച്ചർ ഇപ്പോൾ ബീറ്റ ഉപഭോക്താക്കൾക്കു മാത്രമേ ലഭ്യമാകു.
ജോലി സംബന്ധമായും പഠന സംബന്ധമായുമൊക്കെ ഫോണും ലാപ്‌ടോപ്പും ഡെസ്‌ക്ടോപ്പുമൊക്കെ മാറി മാറി ഉപയോഗിക്കുന്നവരാണ് നമ്മൾ. ചിലപ്പോൾ ഇവ ഒരുമിച്ചും ഉപയോഗിക്കേണ്ടി വരും. അത്തരത്തിൽ പല ഡിവൈസുകൾ ഒരുമിച്ച് ഉപയോഗിക്കേണ്ടി വരുമ്പോൾ വാട്സാപ്പ് മൊബൈലിൽ മാത്രം ലഭിക്കുന്നത് ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. അതിന് പരിഹാരവുമായാണ് വാട്സാപ്പ് മുമ്പ് അവരുടെ വാട്സാപ്പ് വെബ് സപ്പോർട്ട് ആരംഭിച്ചത്. അതു പ്രകാരം പ്രൈമറി ഡിവൈസിന്റെ (വാട്സാപ്പ് സ്ഥിരമായി ഉപയോഗിക്കുന്ന ഫോൺ) സഹായത്തോടെ വാട്സാപ്പ് വെബ് ഉപയോഗിച്ച് ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ ലോഗിൻ ചെയ്യാം. എന്നാൽ ഇതുവരെ ഫോണല്ലാതെ മറ്റൊരു ഡിവൈസിൽ കൂടെ മാത്രമേ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കുമായിരുന്നുള്ളു. മാത്രമല്ല വാട്സാപ്പ് വെബ് ഉപയോഗിക്കാൻ പ്രൈമറി ഡിവൈസിന്റെ ഇന്റർനെറ്റ് കണക്ഷൻ ഓണായിരിക്കണമെന്ന നിബന്ധനയുമുണ്ടായിരുന്നു.

എന്നാൽ ഇതിന് പരിഹാരമായാണ് ഇപ്പോൾ അടുത്ത അപ്‌ഡേറ്റ് വന്നിരിക്കുന്നത്. പ്രൈമറി ഡിവൈസിൽ ലിങ്ക് ചെയ്യാതെ തന്നെ മറ്റ് നാല് ഡിവൈസുകളിൽ കൂടെ ഒരേ സമയം വാട്സാപ്പ് ഉപയോഗിക്കാം. മറ്റുള്ളവയിൽ ഉപയോഗിക്കാൻ പ്രൈമറി ഡിവൈസിൽ നെറ്റ് കണക്ഷൻ വേണമെന്ന് നിർബന്ധവുമില്ല. എന്നാൽ പ്രൈമറി ഡിവൈസ് ഇല്ലാതെ മറ്റ് ഡിവൈസുകളിലേക്ക് ലൈവ് ലൊക്കേഷൻ അയക്കാനോ, ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ ഉണ്ടാക്കാനോ ആ ലിസ്റ്റിലേക്ക് സന്ദേശങ്ങൾ അയക്കാനോ സാധിക്കില്ല. മാത്രമല്ല വാട്സാപ്പ് വെബ്ബിലൂടെ അയക്കുന്ന സന്ദേശങ്ങൾക്ക് ലിങ്ക് പ്രിവ്യൂവും ഉണ്ടാവില്ല. ഇത്രയും നാൾ ഇത് ബീറ്റ ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമായിരുന്നുള്ളു. ഇപ്പോൾ ഇത് എല്ലാവർക്കും ലഭ്യമായിരിക്കുകയാണ്.
രണ്ടാമത്തെ ഫീച്ചറായ മെസേജ് റിയാക്ഷൻ ഇപ്പോൾ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കു മാത്രമേ ലഭ്യമാവുകയുള്ളു. സന്ദേശങ്ങളോട് ഇമോജിയിലൂടെ പ്രതികരിക്കുന്നതിനുള്ള സംവിധാനമാണിത്. മറ്റാരെങ്കിലും അയച്ച മെസേജിൽ ലോംഗ് പ്രസ് ചെയ്താൽ അവിടെ ഇമോജി പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടും. ഇതിൽ നിന്ന് തിരഞ്ഞെടുക്കാം. മെറ്റയുടെ തന്നെ ഫേസ്ബുക്ക് മെസഞ്ചറിലും ഇൻസ്റ്റഗ്രാമിലും ഈ സംവിധാനം നേരത്തേ ലഭ്യമാണ്.