pinarayi

ന്യൂഡൽഹി: ആരെയും ദ്രോഹിച്ച് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരും കിടപ്പാടമില്ലാത്തവരായി മാറില്ല. നഷ്ടപരിഹാരവും ജീവനോപാധിയും ഉറപ്പാക്കും. സ്ഥലം നഷ്ടമാകുന്നവർക്ക് മികച്ച നഷ്ടപരിഹാരം ഉറപ്പിക്കും. എൽ ഡി എഫിന് തുടർ ഭരണം കിട്ടിയത് ജനക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടാണ്.

അതിന് തടയിടാനാണ് ഇപ്പോൾ പ്രതിപക്ഷം ശ്രമിക്കുന്നത്. ഗെയിൽ പദ്ധതിയെ തകർക്കാൻ ശ്രമിച്ചു. വൈകാരികമായ വ്യാജ പ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ടവർ പിന്നീട് യാഥാർത്ഥ്യം മനസിലാക്കി പദ്ധതിയെ അനുകൂലിച്ചത് കേരളം കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വികസനപ്രവർത്തനങ്ങളെ എപ്പോഴും എതിർക്കുന്നവരാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരു വികസനവും അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്. മാദ്ധ്യമങ്ങൾ അതിവൈകാരിത സൃഷ്ടിക്കുന്നു. വികസനത്തിന് തുരങ്കം വയ്ക്കുന്നവർക്ക് കൂട്ടു നിൽക്കരുത്.

കല്ലെറിയൽ പ്രതിഷേധം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സമരത്തിൽ എല്ലാ സ്വഭാവമുള്ളവരും ഉണ്ട്. സിൽവർലൈൻ പദ്ധതി വരും തലമുറകൾക്ക് വേണ്ടിയുള്ളതാണ്. ബഫർ സോണിന്റെ കാര്യത്തിൽ പിന്നീട് വ്യക്തത വരുത്താം.

ജനങ്ങളെ വിശ്വാസത്തിലെടുത്ത് തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇപ്പോഴത്തെ കല്ലിടൽ സാമൂഹികാഘാത പഠനത്തിനാണ്. പഠനം നടത്തി ഭൂമി ഏറ്റെടുക്കേണ്ടി വരികയാണെങ്കിൽ മാത്രമേ അതിലേക്ക് കടക്കൂ. ഇപ്പോഴത്തെ കല്ലിടൽ ഭൂമി ഏറ്റെടുക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.