babu

തൃശൂർ: മദ്യപിച്ച് ബഹളം വച്ച ചേട്ടനെ അനിയൻ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരങ്ങളുടെ അമ്മയ്ക്കും പങ്കുണ്ടെന്ന സംശയത്തിൽ പൊലീസ്. കഴിഞ്ഞ ശനിയാ‌ഴ്ചയായിരുന്നു പ്രതി സാബു സഹോദരൻ ബാബുവിനെ കൊന്ന് കുഴിച്ചുമൂടിയത്. കഴിഞ്ഞ 19ാം തീയതി ബാബുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് മുന്നൂറ് മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടെന്നാണ് സാബു ചേർപ്പ് പൊലീസ് സ്റ്റേഷനിൽ നൽകിയിട്ടുള്ള കുറ്റസമ്മത മൊഴി. എന്നാൽ ഒരാൾക്ക് ഒറ്റയ്ക്ക് ഇത്രയും ദൂരം മൃതദേഹം കൊണ്ടുപോയി കുഴിച്ചിടാൻ സാധിക്കില്ലെന്ന് നിഗമനനത്തിലാണ് പൊലീസ്. ഇതിനാലാണ് സഹോദരങ്ങളുടെ അമ്മയും സംശയത്തിന്റെ നിഴലിലായിരിക്കുന്നത്.

അമ്മയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ബാബുവിനെ കാണാനില്ലെന്ന് കാട്ടി പ്രതി സാബുവും അമ്മയുമാണ് പൊലീസിൽ പരാതി നൽകിയത്. തൃശൂർ ചേർപ്പിൽ മുത്തുള്ളി സ്വദേശികളാണ് കൊല്ലപ്പെട്ട ബാബുവും അനിയൻ സാബുവും. സഹോദരൻ മദ്യപിച്ച് ബഹളമുണ്ടാക്കിയപ്പോൾ അതിൽ പ്രകോപിതനായാണ് കുറ്റകൃത്യം നടത്തിയതെന്നാണ് സാബു മൊഴി നൽകിയത്. സംഭവം നടക്കുമ്പോൾ സാബുവും മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ബാബുവിനെ കാണാതായെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നേരത്തെ തന്നെ വിശദമായ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ സഹോദന്മാർ തമ്മിൽ നിരന്തരം വഴക്ക് നടന്നിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഇതിനിടെ ബാബുവിന്റെ വീടിന് സമീപത്തുള്ള പറമ്പിൽ മണ്ണ് മാറി കിടക്കുന്നത് കണ്ട് പശുവിനെ മേയ്‌ക്കാനെത്തിയ സമീപവാസിക്ക് സംശയം തോന്നിയിരുന്നു. അയാൾ മറ്റു നാട്ടുകാരെയും വിളിച്ച് മണ്ണ് മാറ്റി നോക്കിയപ്പോൾ കൈയുടെ ഒരു ഭാഗം പുറത്തു കണ്ടു. തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്. നിരന്തരം വീട്ടിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് കൊല നടത്തിയതെന്ന് സാബു പൊലീസിനോട് വെളിപ്പെടുത്തിയത്.