
ബംഗളൂരു: ബ്ലൂംബെർഗ് ശതകോടീശ്വരപ്പട്ടികയിൽ ഇലോൺ മസ്കിനും ജെഫ്ബെസോസിനും താഴെ കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി പേരു ചേർക്കപ്പെട്ട യുവ സംരംഭകനാണ് ബൈജു രവീന്ദ്രൻ. ഈ വർഷമവസാനം ഖത്തറിൽനടക്കുന്ന ഫിഫ വേൾഡ് കപ്പിൽ ഔദ്യോഗിക സ്പോൺസർ ആയതോടുകൂടി രാജ്യാന്തര ഫുട്ബാൾ ലോകത്തും തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ബൈജുവിന്റെ ബൈജൂസ് ലോണിംഗ് ആപ്പ്. കൂടാതെ, രാജ്യാന്തര തലത്തിൽ ഫിഫ ലോകകപ്പിന്റെ സ്പോൺസറാകുന്ന ആദ്യ എഡ്ടെക് ബ്രാൻഡെന്ന നേട്ടവും ഇനി ബൈജൂസിനു സ്വന്തം.
കായിക മേഖലയിൽ ബൈജൂസ് സ്പോൺസർഷിപ്പ് കരാർ സ്വന്തമാക്കുന്നത് ഇതാദ്യമല്ല. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവകാശം ബൈജൂസിനാണ്. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക സ്പോൺസറും ബൈജൂസായിരുന്നു.
2022 ഖത്തർ ഫുട്ബാൾ ലോകകപ്പിന്റെ സ്പോൺസർമാരിൽ ഒരാളായി തങ്ങളെ തിരഞ്ഞെടുത്ത വിവരം വ്യാഴാഴ്ചയാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ബൈജൂസ് അറിയിച്ചത്. ഈ പങ്കാളിത്തത്തിലൂടെ, ബംഗളൂരു ആസ്ഥാനമായുള്ള ബൈജൂസ്, 2022 ഫിഫ ലോകകപ്പിന്റെ മാർക്ക്/ലോഗോ, പ്രൊമോഷനുകൾ, ഡിജിറ്റൽ, പ്രൊമോഷണൽ അസറ്റുകൾ എന്നിവയ്ക്കുള്ള അവകാശങ്ങൾനേടും. ബൈജൂസ് പോലെയുള്ള ഒരു കമ്പനിയുമായി പങ്കാളികളാവുന്നതിൽ ഞങ്ങൾള്ക്ക് സന്തോഷമുണ്ടെന്ന് ഫിഫയുടെ കൊമേഷ്യൽ ഓഫീസറായ കേയ് മദാതി പറഞ്ഞു.
 ഫുട്ബാൾ കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതുപോലെ, ഓരോ കുട്ടിയുടെയും ജീവിതത്തിൽ വിദ്യാഭ്യാസത്തോടുള്ള ഇഷ്ടം വളർത്താൻ ഈ കൂട്ടുകെട്ടിലൂടെ ബൈജൂസിനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.- ബൈജു രവീന്ദ്രൻ
സി.ഇ.ഒ,
ബൈജൂസ് ആപ്പ്