
എസ്.എസ്. രാജമൗലിയുടെ താരസമ്പന്നമായ ചിത്രം ആർആർആറിന്റെ ടിക്കറ്റിന് റെക്കാഡ് വില. കൊവിഡ് പ്രതിസന്ധി മൂലം റിലീസ് പലതവണ മാറ്റിവച്ച ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ടിക്കറ്റിനാണ് 2100 രൂപ നിരക്ക് ഈടാക്കുന്നത്. ഡൽഹി പിവിആർ ഡയറക്‌ടേഴ്‌സ് കട്ടിൽ വിറ്റ ടിക്കറ്റിനാണ് റെക്കാഡ് വില.
മുംബയിലെ പിവിആർ മാളിലും വലിയ വിലയ്‌ക്കാണ് ടിക്കറ്റ് വിറ്റുപോയതെന്നാണ് വിവരം. ജൂനിയർ എൻടിആർ, രാംചരൺ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ അജയ് ദേവ്‌ഗൺ, ആലിയ ഭട്ട്, ആലിസൺ ഡൂഡി, ഒലിവിയ മോറിസ്, റേ സ്‌റ്റീവൻസൺ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമുണ്ട്.
സ്വാതന്ത്ര്യ സമരസേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിതം ആധാരമാക്കിയുളള ചിത്രം 1920കളിലെ പശ്ചാത്തലത്തിലെ കഥയാണ് പറയുന്നത്. പഴയ ആന്ധ്രാ പ്രദേശിൽ ഇരു ഭാഗത്തായി ജിവിച്ചിരുന്ന ഇവർ നേരിൽ കണ്ടാലുണ്ടാകുന്ന തരത്തിലാണ് കഥ. ചിത്രത്തിന്റെ ടിക്കറ്റുകളുടെ ബുക്കിംഗ് ആന്ധ്രയിലും തെലങ്കാനയിലും അവസാനിച്ചു. തെലുങ്കിന് പുറമേ ഹിന്ദി, മലയാളം,തമിഴ്, കന്നഡ പതിപ്പുകളും വിദേശഭാഷകളിൽ പോർട്ടുഗീസ്, കൊറിയൻ, സ്‌പാനിഷ്, ടർക്കിഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.