
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ സ്വപ്‌നപദ്ധതിയായ സിൽവർലൈനിൽ അവകാശം തളളി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവ്. 63000 കോടി രൂപയാണ് പദ്ധതിചെലവ് വരികയെന്ന സർക്കാർ വാദമാണ് മന്ത്രി രാജ്യസഭയിലെ പ്രസ്‌താവനയിൽ തളളിയത്. ഒരുലക്ഷം കോടിയിലധികം ചെലവ് പദ്ധതിയ്‌ക്ക് വരുമെന്നാണ് കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
'കേരളം ഈ പദ്ധതിയിൽ ഒട്ടും തിടുക്കം കാട്ടരുത്. വളരെ ചിന്തിച്ച് മാത്രം തീരുമാനമെടുക്കണം.' കേന്ദ്ര റെയിൽവെ മന്ത്രി പ്രതികരിച്ചു. ഇത് ഒറ്റ ലൈനിൽ ട്രെയിൻ ഓടുന്ന തരത്തിലാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. സാങ്കേതികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ പദ്ധതിയിലുണ്ട്. കേരളത്തിന്റെ നന്മയെ മുന്നിൽ കണ്ട് കേരളത്തിലെ ജനങ്ങൾക്ക് അനുകൂലമായ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയിൽ കേന്ദ്രത്തിന്റെ അനുകൂല നിലപാടിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. നല്ല ചർച്ചയാണ് നടന്നതെന്നും പ്രധാനമന്ത്രിയ്‌ക്ക് പദ്ധതിയോട് അനുകൂല നിലപാടാണെന്നുമായിരുന്നു മുഖ്യമന്ത്രി ചർച്ചയ്‌ക്ക് ശേഷം പ്രതികരിച്ചത്.