
കൊച്ചി: പതഞ്ജലി ഗ്രൂപ്പിന്റെ ഭാഗമായ രുചി സോയ ഇൻഡസ്ട്രീസിന്റെ ഓഹരിവില്പന (എഫ്.പി.ഒ)യ്ക്ക് മുന്നോടിയായി
ആങ്കർ നിക്ഷേപകരിൽനിന്ന് 1,290 കോടി രൂപ സമാഹരിച്ചു. ഇന്നലെ ആരംഭിച്ച എഫ്.പി.ഒ 28ന് അവസാനിക്കും. രണ്ടുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 615 മുതൽ 650 രൂപ വരെയാണ്.
എഫ്.പി.ഒയിലൂടെ 4,300 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ചുരുങ്ങിയത് 21 ഓഹരികളും അതിന്റെ ഗുണിതങ്ങളും വാങ്ങാം. 10,000 ഓഹരികൾ ജീവനക്കാർക്കായി മാറ്റിവച്ചിട്ടുണ്ട്. ഇന്ത്യയിലൊട്ടാകെ സാന്നിദ്ധ്യമുള്ള പാക്കേജ്ഡ് ഭക്ഷ്യ എണ്ണ ഉത്പാദകരാണ് രുചി സോയ. രുചി ഗോൾഡ്, മഹാകോഷ്, സൺറിച്ച്, രുചി സ്റ്റാർ, രുചി സൺലൈറ്റ് തുടങ്ങിയ ബ്രാൻഡുകളിൽ ഭക്ഷ്യഎണ്ണകൾ വിപണിയിലിറക്കുന്നുണ്ട്. നൂട്രെല എന്ന ബ്രാൻഡിൽ സോയ ഭക്ഷ്യ ഉത്പാദകരുമാണ് രുചി സോയ.