pinarayi-modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നൽകിയ ഉപഹാരം മഞ്ഞക്കുറ്റിയാണെന്നാണ് ആദ്യം കരുതിതെന്നും പിന്നീടാണ് അത് ബൊക്കെ ആയിരുന്നെന്ന് മനസിലായതെന്നുമായിരുന്നു ശ്രീജിത്ത് പണിക്കരുടെ പ്രതികരണം. മഞ്ഞ തുണിയിൽ പൊതിഞ്ഞ പൂച്ചെണ്ടായിരുന്നു പിണറായി വിജയൻ മോദിക്ക് ഉപഹാരമായിട്ട് നൽകിയത്. ഈ ചിത്രത്തെയാണ് ശ്രീജിത്ത് പണിക്കർ പരിഹസിച്ചത്.

കെ-റെയിലുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്ന് മുഖ്യമന്ത്രി പിന്നീട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഞങ്ങൾ പറഞ്ഞകാര്യങ്ങൾ അതീവ താൽപര്യത്തോടെയാണ് പ്രധാനമന്ത്രി കേട്ടത്. പ്രതികരണങ്ങൾ ആരോഗ്യകരമായിരുന്നു. റെയിൽവേ മന്ത്രിയുമായി കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും, എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. ഔദ്യോഗികമായി അല്ലെങ്കിലും റെയിൽവേ മന്ത്രിയെയും കണ്ടുവെന്നും പ്രധാനമന്ത്രിയെ കണ്ട കാര്യം അദ്ദേഹത്തോട് വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കെ റെയിൽ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ബി ജെ പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ റെയിൽ കല്ലുകൾ പിഴുത് ക്ളിഫ് ഹൗസിൽ സ്ഥാപിച്ചു. പത്തോളം യുവമോർച്ച പ്രവർത്തകർ മതിൽ ചാടിക്കടന്ന് ക്ളിഫ് ഹൗസിന്റെ പിൻവശത്ത് കൂടി പ്രവേശിച്ച് കല്ലുകൾ സ്ഥാപിക്കുകയായിരുന്നു.

കല്ലുകൾ സ്ഥാപിച്ചതിന് പിന്നാലെ ബി ജെ പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. ഇതോടെ പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മുരുക്കുംപുഴയിൽ നിന്നാണ് വി വി രാജേഷിന്റെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. ഇവിടെ നിന്ന് പറിച്ച കല്ല് ക്ളിഫ് ഹൗസിൽ നാട്ടുകയായിരുന്നു.