parvathy

ജീവിതത്തിൽ പത്ത് പെണ്ണുങ്ങൾക്കൊപ്പം സെ‌ക്‌സ് ചെയ്‌തെന്നും ഇനിയും സെക്‌സ് ചെയ്യണമെന്ന് തോന്നിയാൽ ഇനിയും ചോദിക്കുമെന്നുമുള‌ള നടൻ വിനായകന്റെ പരാമർശത്തിനെതിരെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. സമൂഹമാദ്ധ്യമങ്ങളിലെ സ്‌റ്റാറ്റസായാണ് നടി പ്രതികരണം നടത്തിയത്. 'ഷെയിം' എന്ന് ഒറ്റവരി പ്രതികരണമാണ് നടി നടത്തിയത്. ഒപ്പം വിനായകന്റെ വിവാദ പത്രസമ്മേളനത്തിലെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ഫോണിലൂടെ ലൈംഗിക ചുവയോടെ അപമര്യാദയമായി പെരുമാറിയെന്ന് മുൻ മോഡലും ദളിത് ആക്ടിവിസ്റ്റുമായ യുവതി നടൻ വിനായകനെതിരെ മുൻപ് മിടൂ ആരോപണം ഉന്നയിച്ചിരുന്നു. 'ഒരുത്തീ' സിനിമയുടെ പ്രമോഷണുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് വിനായകൻ മീടൂവിനെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയത്.

vinayakan

'തർക്കിക്കാൻ ഞാൻ റെഡിയാണ്. എന്താണ് മീ ടൂ? എനിക്കറിയില്ല അതാണ് ഞാൻ നിങ്ങളോട് ചോദിച്ചത്. പെണ്ണിനെക്കേറി പിടിച്ചെന്നാണോ? മീടൂ എന്ന് പറഞ്ഞാൽ എന്താ? ഞാൻ പറയട്ടെ, എനിക്ക് ഒരു പെണ്ണുമായി ശാരീരിക ബന്ധത്തിലേർപ്പെടണം, ആ പെണ്ണിനോട് എന്ത് പറയണം. ഭാര്യയുടെ കാര്യം വിട്. നിങ്ങൾ ഭാര്യയുമായിട്ടാണോ ആദ്യം സെക്സ് ചെയ്തത്? എല്ലാവരും അങ്ങനെയല്ല. നിങ്ങൾ ഒരു പെണ്ണുമായിട്ട് എങ്ങനെ ശാരീരിക ബന്ധത്തിലേർപ്പെടും? ഒന്ന് പറ, എങ്ങനെയാണ് ആ പെണ്ണിനെ നിങ്ങളുടെ അടുത്തേക്ക് വിളിക്കുന്നത്. എന്റെ ലൈഫിൽ ഞാൻ പത്ത് പെണ്ണുങ്ങളുമായിട്ട് ഫിസിക്കൽ റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ട്. പത്ത് പെണ്ണിന്റെയടുത്തും ഞാനാണ് എന്റെ കൂടെ റിലേഷൻഷിപ്പ് നടത്താനാകുമോ എന്ന് ചോദിച്ചത്. ഇത് നിങ്ങൾ പറയുന്ന മീടൂ ആണെങ്കിൽ ഞാൻ ഇനിയും ചോദിക്കും. എനിക്ക് ആ പെണ്ണുമായി സെക്സ് ചെയ്യാൻ തോന്നിയാൽ ഞാൻ ആ പെണ്ണിനോട് ചോദിക്കും. ആ പെണ്ണെന്ത് പറയും മാന്യമായിട്ട് നോ. എന്നോട് ഇതുവരെ ഒരു പെണ്ണും വന്ന് ചോദിച്ചിട്ടില്ല. ഒരു പെണ്ണിന്റെ വ്യാഖ്യാനമെന്താണെന്നറിയോ?' വിനായകൻ പറഞ്ഞു.

വിനായകന്റെ ഈ പരാമർശങ്ങൾക്കെതിരെ ശക്തമായ വിമർശനമാണ് വിവിധയിടങ്ങളിൽ നിന്നുമുണ്ടായത്. നടൻ ഹരീഷ് പേരടി, കുഞ്ഞിലാ മാസില്ലാമണി, ശാരദക്കുട്ടി, ഷാനിമോൾ ഉസ്‌മാൻ എന്നിവർ രൂക്ഷമായി വിമർശിച്ചു. സിനിമയിലെ വനിതാ സംഘടനയായ ഡബ്ളു‌സി‌സി ഇതിനെക്കുറിച്ച് പ്രതികരിക്കാത്തതെന്തെന്ന് ഹരീഷ് പേരടി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർവതി പ്രതികരണം നടത്തിയിരിക്കുന്നത്.