
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യയിലെത്തി. ന്യൂഡൽഹിയിൽ എത്തിയ അദ്ദേഹം നാളെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്‌ച നടത്തുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ വിമാനം അഫ്‌ഗാനിൽ നിന്നും ഇന്ത്യയിലെത്തിയ ശേഷമാണ് വിവരം വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചത്.
കാശ്‌മീരുമായി ബന്ധപ്പെട്ട് പാകിസ്ഥാനിൽവച്ച് വിവാദ പരാമർശം നടത്തിയതിന് പിന്നാലെയാണ് വാങ് യി ഇന്ത്യയിലെത്തിയത്. ഇസ്ളാമാബാദിൽ വച്ച് 'കാശ്‌മീർ വിഷയത്തിൽ നിരവധി ഇസ്ളാമിക സുഹൃത്തുക്കളുടെ അഭിപ്രായം ചൈന കേട്ടു. ഞങ്ങളും ഇതേ അഭിലാഷമാണ് പിന്തുടരുന്നത്.' എന്നായിരുന്നു വാങ് യി പറഞ്ഞത്. വിഷയത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് ജമ്മു കാശ്‌മീർ പ്രശ്‌നം. അതിൽ ചൈനയ്‌ക്ക് അഭിപ്രായം പറയാൻ യാതൊരു അവകാശവുമില്ല എന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.
2020 ജൂണിൽ ഗാൽവാനിലുണ്ടായ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിന് ശേഷം ഏതെങ്കിലുമൊരു ചൈനീസ് ഉന്നത അധികാര സ്ഥാനത്തുളളയാൾ ഇന്ത്യയിൽ സന്ദർശനം നടത്തുന്നത് ഇതാദ്യമാണ്. യുക്രൈൻ സംഘർഷമുൾപ്പടെ ഇന്ത്യയെയും ചൈനയെയും ഒരുപോലെ ബാധിക്കുന്ന വിഷയത്തിൽ ചർച്ചയ്‌ക്കായാണ് വാങ് യി എത്തിയതെന്ന് സൂചനയുണ്ട്. എന്നാൽ സന്ദർശന വിവരം സംബന്ധിച്ച് ഔദ്യോഗികമായി സൂചനകളൊന്നുമില്ല. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഇരു രാജ്യങ്ങളുടെയും പുറത്ത് ചൈനയുമായി മുൻപ് ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെത്തി ചർച്ച നടന്നിട്ടില്ല.