
സംസാരിക്കാൻ നല്ല ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളം. മാതൃഭാഷ മലയാളം അല്ലെങ്കിൽ പിന്നൊന്നും പറയുകയും വേണ്ട. മലയാളത്തിൽ അഭിനയിക്കാൻ വരുന്ന മിക്ക അന്യഭാഷ നടിമാരും ഇത്തരത്തിൽ മലയാളം പറയാൻ ബുദ്ധിമുട്ടാറുണ്ട്. ദുൽഖർ സൽമാൻ നായകനായി കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സല്യൂട്ടിലെ നായിക ഡയാന പെന്റിയും ഇത്തരത്തിൽ ഒരു കുടുക്കിൽ ചാടി.
ദുൽഖർ ഡയാന പെന്റിക്ക് മലയാളം പഠിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഡയാന തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ ഷെയർ ചെയ്തത്. 'പേര് മണി, പണി മണ്ണ് പണി' എന്ന് ഡയാനയെ കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കുന്ന ദുൽക്കറിന്റെ വീഡിയോ ആണ് അഭിനേത്രി പങ്കുവച്ചത്. പിന്നാലെ 'വാഴ', 'മഴ' തുടങ്ങിയ വാക്കുകൾ ഡയാനയെകൊണ്ട് പറയിപ്പിക്കാനും ദുൽക്കർ ശ്രമിക്കുന്നുണ്ട്. തന്റെ ആദ്യ മലയാള ചിത്രത്തിൽ തന്നെ ഓർത്തിരിക്കാവുന്ന ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചതിന് സംവിധായകനായ റോഷന്‍ ആൻഡ്രൂസിനും ദുൽഖർ സൽമാനും നന്ദി പറയുന്നതായി ഡയാന വീഡിയോയ്ക്ക് താഴെ കുറിച്ചു.