
എലിപ്പനി രോഗാണുക്കൾ കെട്ടിനിൽക്കുന്ന വെളളത്തിലും മണ്ണിലുമുണ്ടാകും. എലി, നായ, പൂച്ച, കന്നുകാലികൾ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെ രോഗാണുക്കൾ മണ്ണിലും വെളളത്തിലും കലരുന്നു. നിരന്തരം മണ്ണുംവെളളവുമായി ഇടപെടുന്ന ശുചീകരണ ജോലിചെയ്യുന്നവർ, കെട്ടിട നിർമ്മാണത്തൊഴിലാളികൾ, തൊഴിലുറപ്പുകാർ, കക്ക വാരുന്നവർ, എന്നിവർക്ക് രോഗം പിടിപെടാൻ സാധ്യതയുളളവരാണ്.
ഇത്തരം ജോലികൾ ചെയ്യുന്നവർ ഗുണനിലവാരമുളള കാലുറയും കൈയ്യുറയും ധരിക്കുക.
ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ഡോക്സിസൈക്ലിൻ ഗുളിക കഴിച്ച് എലിപ്പനിയെ പ്രതിരോധിക്കുക.
എലിപ്പനി കേസുകൾ പരിശോധിച്ചതിൽ നിന്നും കുളം/തോട് തുടങ്ങിയ വെളളം നിൽക്കുന്ന സ്ഥലങ്ങളിൽ മീൻ പിടിച്ചതാണ് രോഗം പിടിപെടാനുണ്ടായ സാഹചര്യം. വേനലറുതിയിൽ വീട്ടിലും പരിസരങ്ങളിലുമുളള ചെറിയ ജലാശയങ്ങളിൽ വെളളംതാഴ്ന്നു തുടങ്ങുമ്പോൾ മീൻ പിടിക്കുന്നത് സാധാരണമാണ്.
എലിപ്പനി പിടിപെടാതിരിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം
കൈകാലുകളിൽ മുറിവുണ്ടെങ്കിൽ മീൻ പിടിക്കാതിരിക്കുക.
മലിനജലം കണ്ണിലും, മൂക്കിലുംവായിലും കയറാതെ സൂക്ഷിക്കേണ്ടതാണ്.
എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം.
24 മണിക്കൂർ മുൻപെങ്കിലും നിർദ്ദിഷ്ട ഡോസ് ഗുളിക കഴിക്കേണ്ടതാണ്.പനി, നടുവ്‌വേദന, കൈകാലുകളിൽ വേദന, പേശികളിൽ തൊടുമ്പോൾ വേദന തുടങ്ങിയ ലക്ഷണങ്ങളിൽ എന്തെങ്കിലും അനുഭവപ്പെട്ടാൽ അടുത്തുളള ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ കാണുക. മീൻ പിടിക്കാൻ/മറ്റാവശ്യങ്ങൾക്ക് വെള്ളക്കെട്ടിലിറങ്ങാനുണ്ടായ സാഹചര്യം ഉറപ്പായും പറയുക. വേദന സംഹാരികൾ വാങ്ങിക്കഴിക്കരുത്. സ്വയംചികിത്സ പാടില്ല.