
ഗുരുവായൂർ: ചരിത്രത്തിലിടം പിടിച്ച് ഗുരുവായൂരിലെ ഒരു വാഹനപൂജ. ആർ പി ഗ്രൂപ്പ് ചെയർമാൻ ഡോ ബി.രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്ടറിന് നടത്തിയ പൂജയാണ് ഏറെ വ്യത്യസ്തവും ചരിത്രത്തിൽ ആദ്യത്തേതുമായത്.
100 കോടിയോളം രൂപ മുടക്കിയാണ് രവി പിള്ള എച്ച് –145 ഡി 3 എയർ ബസ് വാങ്ങിയത്. ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നാണിത്. വൈകിട്ട് മൂന്നുമണിയോടെ അരിയന്നൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്ടർ ലാൻഡുചെയ്തത്. തുടർന്ന് ഹെലികോപ്ടർ ക്ഷേത്രത്തിന് അഭിമുഖമായി നിറുത്തിയശേഷം മുന്നിൽ നിലവിളക്കുകൾ കൊളുത്തിവച്ചു. അതിനുശേഷം ക്ഷേത്രം ഓതിക്കനും മുൻ മേൽശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരി പൂജ നിർവഹിച്ചു. ആരതി ഉഴിഞ്ഞ് മാലചാർത്തി കളഭം തൊട്ടതോടെ വാഹനപൂജ പൂർത്തിയായി. രവി പിള്ളയ്‌ക്കൊപ്പം മകൻ ഗണേഷ് രവി പിള്ള, പൈലറ്റുമാരായ ക്യാപ്റ്റൻ സുനിൽ കണ്ണോത്ത്, ക്യാപ്റ്റൻ ജി.ജി.കുമാർ തുടങ്ങിയവരും പൂജയിൽ പങ്കെടുത്തു. ഹെലികോപ്ടർ വാങ്ങിയതിനു ശേഷം പൂജയ്ക്കായി ഗുരുവായൂരിലേക്കാണ് രവിപിള്ള ആദ്യ യാത്ര നടത്തിയത്.
കൊല്ലത്തുനിന്നാണ് ഹെലികോപ്ടർ ഗുരുവായൂർക്ക് പുറപ്പെട്ടത്. നടൻ മോഹൻലാൽ കൊച്ചിവരെ ഉണ്ടായിരുന്നു. ക്ഷേത്രദർശനത്തിനുശേഷം രവിപിള്ളയും മകനും ഇന്നുരാവിലെ കൊച്ചിയിലേക്ക് തിരിച്ചു. അതുവരെ കനത്ത സുരക്ഷയിൽ ശ്രീകൃഷ്ണ കോളജ് ഹെലിപാഡിലാണ് കോപ്ടർ സൂക്ഷിച്ചിരുന്നത്.