
ന്യൂഡൽഹി: ആദിവാസികൾക്കായി രാജ്യസഭയിൽ തകർപ്പൻ പ്രസംഗം കാഴ്ചവെച്ച സുരേഷ്‌ഗോപിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. അതിനു പിന്നാലെ രാജ്യസഭയിൽ നിന്നു തന്നെയുള്ള മറ്റൊരു സംഭവം കൂടി സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. സുരേഷ് ഗോപിയുടെ പുതിയ ലുക്കിൽ സഭയുടെ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയും കൂടിയായ വെങ്കയ്യ നായിഡുവിന് ഒരു സംശയമുണ്ടായി. അതദ്ദേഹം സുരേഷ് ഗോപിയോട് തന്നെ ചോദിക്കുകയും ചെയ്തു. ആ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
സഭയിൽ സുരേഷ് ഗോപിയുടെ താടി കണ്ട് വെങ്കയ്യ നായിഡുവിന് അദ്ദേഹത്തിന്റെ മുഖത്തുള്ളത് മാസ്‌കാണോ അതോ താടിയാണോ എന്നതിൽ ആശയക്കുഴപ്പമുണ്ടായി. ആ ആശയക്കുഴപ്പം തീർക്കാൻ അത് സുരേഷ് ഗോപിയോട് തന്നെ കാര്യം തിരക്കി. മുഖത്തുള്ളത് മാസ്‌കാണോ അതോ താടിയാണോ എന്ന്? അദ്ദേഹത്തിന്റെ ഈ ചോദ്യം സഭയിലാകെ ചിരി പടർത്തി. ഇത് താടി തന്നെയാണെന്നും, തന്റെ അടുത്ത സിനിമയ്ക്കു വേണ്ടിയുള്ള പുതിയ ലുക്കാണെന്നും സുരേഷ് ഗോപി മറുപടി നൽകി അദ്ദേഹത്തിന്റെ സംശയം തീർത്തു.
ഏഴു വർഷങ്ങൾക്ക് ശേഷമുള്ള ജോഷി-സുരേഷ് ഗോപി കൂട്ടു കെട്ടിൽ തയ്യാറാകുന്ന പാപ്പൻ എന്ന ചിത്രത്തിനു വേണ്ടിയുള്ള ലുക്കാണിത്. ചിത്രത്തിൽ മാത്യൂസ് പാപ്പൻ ഐപിഎസ് എന്ന ശക്തമായ പൊലീസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വളരെ കാലങ്ങൾക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തുന്ന സിനിമ കൂടിയാണിത്. ഒരു ക്രൈം ത്രില്ലർ ചിത്രമായിരിക്കും പാപ്പൻ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
മലയാളത്തിലെ പ്രമുഖ താരങ്ങളായ സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. മഞ്ജു വാര്യർ ചിത്രമായ 'കെയർ ഒഫ് സൈറാ ബാനു'വിന് ശേഷം ആർ.ജെ. ഷാൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവഹിക്കുന്നു.