m-e-s-college-students

മുക്കം: കോളേജിലെ സെന്റ് ഓഫ് ദിനാഘോഷം അതിരുകടന്ന് ഒടുവിൽ പിഴയടക്കേണ്ട അവസ്ഥയിൽ വിദ്യാർത്ഥികൾ. മുക്കം കളൻതോട് എം ഇ എസ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികൾ തങ്ങളുടെ സെന്റ് ഓഫ് ഡേ ആഘോഷിച്ചത് നടുറോഡിൽ ജെ സി ബിയിലും രൂപമാറ്റം വരുത്തിയ വാഹനങ്ങളിലുമായിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അപകടകരമാംവിധം വാഹനമോടിച്ചത് ചോദ്യം ചെയ്ത നാട്ടുകാരോട് ജെ സി ബി ഡ്രൈവർ കയർത്തതായും പറയുന്നു. തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന പോലെ ചെയ്തോ എന്നായിരുന്നു ഇയാളുടെ പ്രതികരണം എന്നും നാട്ടുകാർ പറഞ്ഞു.

സംഭവം വിവാദമായതോടെ മോട്ടോർ വാഹന വകുപ്പ് ഉൾപ്പടെ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ കൈയിൽ ഉൾപ്പടെ കയറിനിന്ന് അപകടകരമാം വിധം യാത്ര ചെയ്തു, വാഹനങ്ങളിൽ വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര ചെയ്തു, കാറുകളുടെ സൈഡ് ഗ്ളാസുകൾ താഴ്ത്തി ഡോറിൽ ഇരുന്ന് തലയും ഉടൽഭാഗവും പുറത്തേക്കിട്ട് യാത്ര ചെയ്തു എന്നിവയിലാണ് നടപടി സ്വീകരിച്ചത്. മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിൽ എടുത്തു. രൂപമാറ്റം വരുത്തിയ ജീപ്പ് ഉൾപ്പടെയുള്ള കണ്ടാലറിയാവുന്ന വാഹനങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇവയിലേറെയും വാടകയ്ക്ക് എടുത്തവയായിരുന്നു. വാഹനങ്ങളുടെ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു.

മൂന്നു ജെ.സി.ബി, കാറുകൾ, ബൈക്കുകൾ എന്നിങ്ങനെ വാഹനങ്ങളിലായിരുന്നു റാലി നടത്തിയത്. ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളുമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളാണ് ഇവരെ കുടുക്കിയത്. ജെ.സി.ബി കളും കാറുകളും വൈകാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ പി ആർ സുമേഷ് പറഞ്ഞു. അമിതവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച രക്ഷിതാക്കളുടെ പേരിൽ കേസെടുക്കും.