journalist

കാസർകോട്: ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത് മലയാളി മാദ്ധ്യമപ്രവര്‍ത്തകയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കാസര്‍കോട് സ്വദേശി എൻ ശ്രുതി(36) യെയാണ് ബംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ മാദ്ധ്യമ പ്രവ‌ർത്തകയായിരുന്നു ശ്രുതി.

തളിപ്പറമ്പ് സ്വദേശിയായ ഭർത്താവ് അനീഷ് കോയാടന്‍ ശ്രുതിയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും മുഖത്ത് തലയിണ അമര്‍ത്തിയും ശ്രുതിയെ കൊല്ലാനായി അനീഷ് ശ്രമിച്ചിരുന്നുവെന്ന് സഹോദരൻ പറഞ്ഞു.

പണത്തിനു വേണ്ടിയാണ് അനീഷ് ഈ ക്രൂരതകൾ കാട്ടിയതെന്നാണ് കുടുംബം പറയുന്നത്. വീട്ടുകാരെ വിളിയ്ക്കാൻ പോലും അനീഷ് അനുവദിക്കില്ലായിരുന്നു. ശ്രുതിയെ നിരീക്ഷിക്കാന്‍ അനീഷ് വീടിനുള്ളിൽ ക്യാമറയും വോയിസ് റെക്കോര്‍ഡറും വരെ സ്ഥാപിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

മുൻപ് ശ്രുതിയുടെ ശരീരമാകെ ഇയാൾ കടിച്ച് മാരകമായി മുറിവേല്‍പിച്ചുവെന്നും സഹോദരൻ പറഞ്ഞു. ശ്രുതി തന്റെ ശമ്പളം കുടുംബത്തിന് നൽകുന്നുവെന്ന സംശയമായിരുന്നു അനീഷിന്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിനു ശേഷമാണ് താൻ അനുഭവിച്ച കൊടും ക്രൂരതകൾ ശ്രുതി പുറത്ത് പറഞ്ഞത്.