
നവ്യാനായരുടെ തിരിച്ചുവരവ് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഒരുത്തി. രാധാമണിയായി നവ്യ പകർന്നാടിയപ്പോൾ കൊല്ലം സ്വദേശിനി സൗമ്യയുടെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞുതൂവുകയാണ്. നാല് വർഷങ്ങൾക്ക് മുമ്പ് സൗമ്യയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങളാണ് വി കെ പ്രകാശിന്റെ സംവിധാനത്തിൽ പിറന്ന ഒരുത്തിയിലൂടെ മലയാളികൾ കണ്ടറിഞ്ഞത്.
പക്ഷേ, സൗമ്യ ഇപ്പോഴുള്ളത് വയനാട്ടിലാണ്. ഹെൽത്ത് ഇൻസ്‌പെക്ടറായ ഭർത്താവ് ഷൈജുവിന് കൽപ്പറ്റയിലേക്ക് സ്ഥലമാറ്റം ലഭിച്ചതോടെയാണ് സൗമ്യയും കുടുംബവും വയനാട്ടിലേക്ക് സ്ഥലം മാറിയത്.
അന്ന് കരുനാഗപ്പള്ളിയിൽ വച്ചാണ് തന്റെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം നടന്നതെന്ന് സൗമ്യ പറയുന്നു. ആ രാത്രി മറക്കാനാകില്ല. വൈകിട്ട് ഏഴ് മണിയോടെ സ്‌കൂട്ടറിലേക്ക് വീട്ടിൽ മടങ്ങുകയായിരുന്നു. പണയംവച്ച് തിരിച്ചെടുത്തിട്ട് ദിവസങ്ങളാകാത്ത അമ്മയുടെ മാലയാണ് സൗമ്യ അന്ന് ധരിച്ചിരുന്നത്.

പെട്ടെന്നാണ് ബൈക്കിൽ രണ്ട് കള്ളന്മാർ വന്ന് മാല കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്തത്. അമ്മയ്‌ക്ക് ആകെയുള്ള സമ്പാദ്യമാണ്. അത് മനസിൽ തെളിഞ്ഞ നിമിഷം മറ്റൊന്നും ഓർക്കാതെ സ്വന്തം സ്‌കൂട്ടറിൽ സൗമ്യ അവരെ പിന്തുടർന്നു.
ബൈക്കിൽ തന്റെ സ്‌കൂട്ടർ ഇടിപ്പിച്ച് കള്ളന്മാരെ വീഴ്ത്തി. ഒരാളെ പിടിച്ചെങ്കിലും മറ്റൊരുത്തൻ മാലയുമായി രക്ഷപ്പെട്ടു. പിറ്റേദിവസം തന്നെ പൊലീസ് രണ്ടാമനെ പിടിച്ചു. പിന്നീടത് മാദ്ധ്യമങ്ങളിൽ വാർത്തയായി.
അതോടെ തിരക്കഥാകൃത്ത് സുരേഷ് ബാബു സൗമ്യയുടെ നമ്പർ തേടിപ്പിടിച്ച് വിളിച്ചു. ഒരുത്തി സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിൽ ഇന്ന് ഏറെ സന്തോഷിക്കുന്നത് സൗമ്യയാണ്. തന്റെ മനസിലെ സംഘർഷങ്ങളെല്ലാം നവ്യ ഗംഭീരമായി സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും സൗമ്യ പറയുന്നു.