
മെൽബൺ: സാധാരണ ഗതിയിൽ ഒരു മനുഷ്യന്റെ ദിവസം തുടങ്ങുന്നത് ഒരു കപ്പ് കാപ്പിയിലോ അല്ലെങ്കിൽ ചായയിലോ ആയിരിക്കും. ഇതില്ലാതെ ഒരു ദിവസം മുന്നോട്ടു പോകാൻ വളരെ പ്രയാസമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ചായയാണെങ്കിലും പലർക്കും പ്രിയപ്പെട്ടത് കാപ്പിയാണ്. ശരിക്കും ഒരു കപ്പ് ചൂട് കാപ്പിയെ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്? മാനസികമായും ശാരീരികമായും തളർന്നിരിക്കുന്ന സമയത്ത് ഒരു കപ്പ് കാപ്പി കുടിക്കുമ്പോൾ കിട്ടുന്ന ഊർജ്ജം കുറച്ചൊന്നുമല്ല. ശരീരത്തിനും മനസ്സിനും ഉത്തേജനം നൽകി ഊർജ്ജസ്വലമാക്കുക വഴി നമ്മെ കൂടുതൽ പ്രവർത്തനക്ഷമമാക്കാൻ ഒരു കപ്പ് കാപ്പി മതിയാകും. എന്നാൽ കാപ്പി കുടിക്കുന്നത് നല്ല ശീലമല്ലെന്നും ഹൃദയത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും വിശ്വസിച്ച് കാപ്പിയോട് വിമുഖത കാട്ടുന്ന പലരും നമുക്കിടയിലുണ്ട്. കാപ്പി ഇഷ്ടമായിരുന്നിട്ട് കൂടി ഇത് വിശ്വസിച്ച് കാപ്പിയോട് അകൽച്ച കാണിക്കുന്നവരുമുണ്ട്. എന്നാൽ ആ വിമുഖത ഇനി വേണ്ട. കാപ്പി ഇഷ്ടപ്പെടുന്നവർക്കായി നല്ലൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ദിവസവും മൂന്ന് കപ്പ് കാപ്പി വീതം കുടിക്കുന്നത് മനുഷ്യന്റെ ആയുസ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കാപ്പിക്കുരുവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കുകയും ചെയ്യുക വഴി ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. സാധാരണ കാപ്പിക്കുരുവിൽ കാണുന്ന കഫീൻ എന്ന പദാർത്ഥം അടങ്ങിയിട്ടില്ലാത്ത ഡീകാഫ് കാപ്പിയും ഹൃദയത്തിന് നല്ലതാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
കാപ്പിക്ക് ഹൃദയമിടിപ്പ് വേഗത്തിലാക്കാൻ കഴിയുമെന്നുള്ളതുകൊണ്ടു തന്നെ കാപ്പി കുടിക്കുന്നത് ഹൃദയ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആശങ്കപ്പെടുന്ന ഒരു വിഭാഗം ജനങ്ങളുണ്ട്. എന്നാൽ ദിവസവും കാപ്പി കുടിക്കുന്നത് അത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളുമുണ്ടാക്കില്ലെന്നും മറിച്ച് ആരോഗ്യകരമായ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ അത് സഹായിക്കുമെന്നാണ് മെൽബണിലെ ബേക്കർ ഹാർട്ട് ഇൻസ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞനായ ഡോ. പീറ്റർ കിസ്ലർ പറയുന്നത്. കാപ്പി കുടിക്കുന്നത് ശരീരത്തിന് ഹാനികരമല്ലെന്നും അത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഹൃദ്രോഗം ഉള്ളവർക്കും കാപ്പി ഉപയോഗം തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുകെയിൽ നിന്നുള്ള 3,82,000 പേരിൽ പത്തു വർഷം കൊണ്ടു നടത്തിയ മൂന്ന് വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്. ഇവരുടെ ആരോഗ്യവും കാപ്പിയുടെ ഉപയോഗവുമാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇതു പ്രകാരം പ്രതിദിനം മൂന്നു തവണ കാപ്പി കുടിക്കുന്നവരുടെ ആരോഗ്യം മെച്ചപ്പെട്ട രീതിയിലാണെന്നാണ് കണ്ടെത്താനായത്. ശരാശരി ഒരു കപ്പ് കാപ്പി ദിവസവും കുടിക്കുന്നവരിൽ ഹൃദയ സ്തംഭനവും പക്ഷാഘാതവും ഉണ്ടാവാനുള്ള സാദ്ധ്യത കുറഞ്ഞതായും പഠനത്തിൽ പറയുന്നു.