
വേനൽക്കാലം കടുത്തതോടെ ദാഹവും ക്ഷീണവും വിയർപ്പുമായി പെടാപ്പാടുപ്പെടുന്നവരാണ് ഏറെയും. പകൽ സമയത്ത് മാത്രമല്ല രാത്രികാലങ്ങളിൽ പോലും ചൂടിന്റെ കാഠിന്യത്തിൽ പൊള്ളുകയാണ്. എന്നാൽ ഏതു കൊടിയ വേനലിലും ഉള്ളം തണുപ്പിക്കാൻ ചില ഭക്ഷണപദാർത്ഥങ്ങൾക്ക് കഴിയുമെന്നതാണ് യാഥാർത്ഥ്യം.
അതേസമയം, ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമുണ്ട്. ഓരോ കാലാവസ്ഥയ്‌ക്കും അനുയോജ്യമായ ഭക്ഷണം വേണം കഴിക്കാൻ. രാത്രിയിൽ കട്ടി കൂടിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കണം. പകരം കൂടുതലായി ദ്രാവകരൂപത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, വെള്ളരിക്ക, ഇളനീര് തുടങ്ങിയവ ധാരാളമായി കഴിക്കണം. ചിക്കൻ, മട്ടൻ, ബീഫ് പോലുള്ള മാംസ വിഭവങ്ങൾ പകൽസമയത്തും ഒഴിവാക്കണം. അതേസമയം, കൊഴുപ്പ് കുറഞ്ഞ സൂപ്പ് കഴിക്കാം. കട്ടിയുള്ള ആഹാരങ്ങൾക്ക് പകരം സാലഡ് ധാരാളമായി കഴിക്കണം.
മുളപ്പിച്ച പയർ, തേൻ, പച്ചക്കറികൾ തുടങ്ങിയവ ചേർത്ത് പല തരം പുതിയ സാലഡുകൾ പരീക്ഷിക്കാവുന്നതുമാണ്. പഴങ്ങൾ ഇഷ്ടമുള്ളവർക്ക് ഫ്രൂഡ് സാലഡും കഴിക്കാം. മധുരം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം.
വേനൽക്കാല ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വയർ നിറയെ കഴിക്കാതിരിക്കുക എന്നതാണ്. പകുതി വയർ നിറയുമ്പോഴേക്കും ഭക്ഷണം നിറുത്താം. അല്ലെങ്കിൽ ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും. മതിയായ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ വേണം കഴിക്കാൻ. എണ്ണമയമുള്ള ഭക്ഷണങ്ങളോട് നോ പറയണം. വറുത്തതും പൊരിച്ചതുമെല്ലാം ശരീരത്തിൽ ചൂടിന്റെ കാഠിന്യം കൂട്ടുന്നവയാണ്. അതുപോലെ, ഇഞ്ചി, വെളുത്തുള്ളി, മുളക് തുടങ്ങിയവയുടെ ഉപയോഗവും കുറയ്‌ക്കണം.
മോര്, തൈര് തുടങ്ങിയ ഉള്ളം തണുപ്പിക്കുന്നതിനൊപ്പം ആരോഗ്യത്തിനും നല്ലതാണ്. വഴുതനങ്ങ, കാരറ്റ്, മത്തൻ, വെണ്ടയ്‌ക്ക, ബീൻസ്, പടവലങ്ങ, തക്കാളി, പാവയ്‌ക്ക തുടങ്ങിയവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. ചെറുപഴങ്ങളും നാടൻ പഴങ്ങളും കഴിക്കുന്നത് ശരീരത്തിന്റെ താപനില കുറയ്‌ക്കും.