
കൊല്‍ക്കത്ത: ബിര്‍ഭൂം കൂട്ടക്കൊലക്കേസിന്റെ അന്വേഷണം സി.ബി.ഐ യ്ക്ക് വിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. പശ്ചിമ ബംഗാള്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഇപ്പോൾ അന്വേഷിച്ച് കൊണ്ടിരിയ്ക്കുന്നത്. അന്വേഷണം സി.ബി.ഐ യ്ക്ക് കെെമാറണമെന്ന് കോടതി പ്രത്യേക അന്വേഷണത്തോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ ബുധനാഴ്ച കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരുടെ ബെഞ്ചിന്റേതാണ് അന്വേഷണം സി.ബി.ഐ യ്ക്ക് വിട്ട് കൊണ്ടുള്ള ഉത്തരവ്. കേസില്‍ അടുത്ത മാസം ഏപ്രില്‍ ഏഴിന് വാദം കേള്‍ക്കും. അന്വേഷണ പുരോഗതിയെ പറ്റിയുള്ള റിപ്പോര്‍ട്ട് അന്ന് സമര്‍പ്പിക്കാൻ സി.ബി.ഐക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസന്വേഷണം സി.ബി.ഐ യ്ക്ക് വിട്ടത് മമത ബാനർജിയ്‌ക്കും സർക്കാരിനും തിരിച്ചടിയാണ്. അന്വേഷണം കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറരുതെന്ന് മമതാ ബാനര്‍ജി സര്‍ക്കാർ നേരത്തെ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിവിധി വന്നിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ഷെയ്ഖിന്റെ കൊലയ്ക്കുള്ള പ്രതികാരമായിട്ടാണ് ചൊവ്വാഴ്ച കൂട്ടക്കൊല അരങ്ങേറിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരെ അക്രമികൾ മര്‍ദ്ധിക്കുകയും ജീവനോടെ തീവയ്ക്കുകയുമായിരുന്നു. എട്ട് പേർക്കാണ് കൂട്ടക്കൊലയിൽ ജീവൻ നഷ്ടമായത്.
അക്രമികൾ സ്വമേധയാ കീഴടങ്ങിയില്ലെങ്കിൽ അവരെ വേട്ടയാടി പിടിയ്ക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. 'എന്തോ വലുത്' ഈ അക്രമത്തിന് പിന്നിലുണ്ടെന്ന് മമത ആരോപിച്ചു. ബിജെപി ഉൾപ്പടെയുള്ള എതിരാളികൾ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നതിൽ ജാഗ്രത പുലർത്തുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.