
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സിൽവർ ലൈനിൽ മുഖ്യമന്ത്രിയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്ന് മുരളീധരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷം മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്ടമായി എന്നും മാനസികനില തെറ്റിയ ആളെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും മുരളീധരൻ പരിഹസിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് അനുവാദം അഭ്യർത്ഥിക്കുന്നതിനായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. അനുഭാവപൂര്‍വ്വമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കേന്ദ്രം നല്‍കിയ ഉറപ്പ് പ്രകാരമാണ് കേരളം പദ്ധതിയുമായി മുന്നോട്ട് പോയതെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഡിപിആറിലെ അവ്യക്തതകള്‍ പരിഹരിച്ചെന്നും മുഖ്യമന്ത്രി കൂടിക്കാഴ്‌ചയിൽ വ്യക്തമാക്കി. റെയില്‍വേ മന്ത്രിയേയും മുഖ്യമന്ത്രി കണ്ടിരുന്നു.
എന്നാൽ സിൽവലെെൻ പദ്ധതി സങ്കീര്‍ണ്ണമാണെന്നും തിടുക്കം കാട്ടരുതെന്നുമാണ് റെയില്‍വേ മന്ത്രി രാജ്യസഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രി പച്ചക്കള്ളമായിരുന്നു പറഞ്ഞത് എന്നതിന്റെ തെളിവാണ് പദ്ധതി ചെലവിനെ കുറിച്ചുള്ള റെയിൽവേ മന്ത്രിയുടെ പ്രസ്താവനയെന്ന് മുരളീധരൻ ആരോപിച്ചു.
ഡൽഹി പൊലീസ് എംപിമാരെ മർദ്ദിച്ചതിൽ മുഖ്യമന്ത്രി സന്തോഷിക്കുന്നുവെന്ന് പറഞ്ഞ മുരളീധരൻ, സിപിഎം ചെയ്ത മുൻകാല സമരങ്ങളെ പോലും തളളി പറയുന്ന സമീപനമാണ് പിണറായിയുടെതെന്നും ചൂണ്ടിക്കാട്ടി.