hridayam

അടുത്തിടെ മലയാളികൾ നെഞ്ചിലേറ്റിയ ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ മുഖ്യ വേഷത്തിലെത്തിയ ചിത്രം കേരളത്തിൽ വൻ വിജയം കൈവരിച്ചിരുന്നു. ഒത്തിരി നല്ല ഗാനങ്ങളുമായെത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് യുവജനങ്ങളിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ഹൃദയം ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ റീമേക്ക് അവകാശം പ്രശസ്ത പ്രൊഡക്ഷൻ കമ്പനികളായ ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കിയെന്ന വിവരം ചിത്രത്തിന്റെ നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യമാണ് ഇന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചത്. മെറിലാൻഡ് സിനിമാസാണ് ചിത്രം മലയാളത്തിൽ പുറത്തിറക്കിയത്.

തന്നെ നിരന്തരം പിന്തുണയ്ക്കുന്നതിനും ഒപ്പം ധർമ്മ കുടുംബത്തിലേക്ക് തന്നെ പരിചയപ്പെടുത്തിയതിനും ഈ അവസരം സാധ്യമാക്കിയതിനും സ്റ്റാർ ഇന്ത്യയുടെയും വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും പ്രസിഡന്റായ കെ മാധവന് നന്ദി പറഞ്ഞുകൊണ്ടാണ് വിശാഖ് റീമേക്ക് വിവരം ഏവരെയും അറിയിച്ചത്. ഓർമ്മ വെച്ച കാലം മുതൽ താൻ ഇഷ്ടപ്പെടുന്ന കമ്പനിയാണ് ധർമ്മ പ്രൊഡക്ഷൻസ്. ഓരോ തവണയും ധർമ്മയുടെ ലോഗോ സ്‌ക്രീനിൽ തെളിയുമ്പോഴും തന്റെ മുഖത്ത് പുഞ്ചിരി തെളിയുമായിരുന്നു. അത് തന്നെ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുമെന്നും വിശാഖ് പോസ്റ്റിൽ പറയുന്നു.

hridayam-remake-rights

വർഷങ്ങളായി താൻ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന രണ്ട് കമ്പനികൾ തന്റെ സിനിമയുടെ റീമേക്ക് അവകാശം നേടിയെടുക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ധർമ്മ പ്രൊഡക്ഷൻസ് മേധാവി കരൺ ജോഹറും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് മേധാവി അപൂർവ മേത്തയും വളരെ ഊഷ്മളമായാണ് തന്നെ ഓഫീസിലേക്ക് സ്വീകരിച്ചതെന്നും വിശാഖ് കൂട്ടിച്ചേർത്തു. ഇരുവരോടുമൊപ്പമുള്ള ഒരു ചിത്രവും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ഇരുവരോടുമൊപ്പം സമയം ചിലവഴിക്കാനായതിൽ താൻ വളരെ സന്തോഷിക്കുന്നു. സിനിമയോടുള്ള ഇരുവരുടെയും അഭിനിവേശം ശരിക്കും പ്രചോദനകരമാണ്. തന്നെപ്പോലൊരു പുതുമുഖത്തിനോട് സിനിമയുടെ നാനാവശങ്ങളെ പറ്റിയും അറിവു പകർന്നതിനു നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ധർമ്മ പ്രൊഡക്ഷൻസും മെറിലാൻഡ് സിനിമാസും തമ്മിലുള്ള മനോഹരമായ യാത്രയുടെ തുടക്കം മാത്രമാണ് 'ഹൃദയം' എന്ന് താൻ വിശ്വസിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് വിശാഖ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.