
രണ്ടാം യോഗി ആദിത്യനാഥ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. ലക്നൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാഥിതി. ബി.ജെ.പി നിയമസഭാകക്ഷി നേതാവായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തിരുന്നു. ലക്നൗവിലെ ലോക് ഭവനിൽ നടന്ന എം.എൽ.എ മാരുടെ യോഗത്തിൽ മുതിർന്ന നേതാവ് സുരേഷ് കുമാർ ഖന്നയാണ് യോഗി ആദിത്യനാഥിന്റെ പേര് നിർദ്ദേശിച്ചത്.
രാഷ്ട്രീയ ജീവിതം
കമ്മ്യൂണിസത്തിൽ നിന്ന് കാവിയിലേക്കൊരു രാഷ്ട്രീയകായപ്രവേശം. യു.പി മുഖ്യമന്ത്രിയായി ഇന്ന് രണ്ടാംവട്ടം ചുമതലയേൽക്കുന്ന യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയത്തുടക്കം ഇടതുവിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയിലൂടെയായിരുന്നു. അന്നത്തെ പേര് അജയ് സിംഗ് ബിഷ്ട്. ഇടതോരം ചാഞ്ഞുനടക്കാൻ ഉപദേശിച്ചത് ഒരു ബന്ധുവാണ്. വിപ്ലവം ലഹരി പോലെ മത്തുപിടിപ്പിക്കുന്ന പ്രായം. അജയ് സിംഗ് ബിഷ്ടിനു പക്ഷേ, വൈകാതെ ഒരു കാര്യം മനസ്സിലായി: ഇടതുപക്ഷ ആശയങ്ങളുമായി തനിക്ക് പൊരുത്തപ്പെട്ടു പോകാനാവില്ല! പിന്നെ എ.ബി.വി.പിയിലേക്ക്. ബാക്കിയെല്ലാം ചരിത്രം.
1972 ജൂൺ അഞ്ചിന് ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിൽ പഞ്ചൂരിലെ രജപുത്ര കുടുംബത്തിൽ ജനനം. പൗരിയിലും ഋഷികേശിലും സ്‌കൂൾ വിദ്യാഭ്യാസം. ഹേമവതി നന്ദൻ ബഹുഗുണ സർവകലാശാലയിൽ നിന്ന് 1992 ൽ ഗണിതശാസ്ത്രത്തിൽ ബിരുദം. വീട്ടുകാരിട്ട പേരു മാറ്റിയത് ഗോരഖ്പൂർ മഠാധിപതിയായി ചുമതലയേറ്റപ്പോൾ. അതു മാത്രമല്ല, യോഗി ആദിത്യനാഥ് പിന്നീട് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതും അധികമാരും പ്രതീക്ഷിക്കാത്ത വഴിത്തിരിവ്. കോളേജ് പഠനം കഴിഞ്ഞ് സന്യാസത്തിലേക്കു കടക്കുമ്പോൾ യോഗി തന്നെ കരുതിയിരിക്കില്ല, അധികാര രഷ്ട്രീയത്തിലെ ഉന്നത സ്ഥാനലബ്ധി.
മുഖ്യമന്ത്രിയായ മഠാധിപതി
പ്രമോദ് റാവത്ത് എന്നൊരു എ.ബി.വി.പി പ്രവർത്തകന്റെ കൈപിടിച്ചായിരുന്നു കാവി രാഷ്ട്രീയത്തിലേക്ക് ആദിത്യനാഥിന്റെ കടന്നുവരവ്. ശാന്തനു ഗുപ്തയുടെ 'ദി മോങ്ക് ഹു ബികം ചീഫ് മിനിസ്റ്റർ' എന്ന പുസ്തകത്തിൽ യോഗിയുടെ പരിണാമകഥയുടെ പൂർണചിത്രമുണ്ട്. ഇതേകാലത്തു തന്നെ രാമജന്മഭൂമി പ്രസ്ഥാനവുമായും യോഗി ബന്ധപ്പെട്ടു. ഗോരഖ്പൂർ മഠത്തിലെ മഹന്ത് അവൈദ്യനാഥിൽ നിന്നായിരുന്നു സന്യാസ ദീക്ഷ. അങ്ങനെ യോഗി ആദിത്യനാഥ് രൂപപ്പെട്ടു. 1996 ൽ മഹന്ത് അവൈദ്യനാഥ് ലോക്സഭയിലേക്കു മത്സരിച്ചപ്പോൾ പ്രചാരണച്ചുമതല യോഗിക്ക്. 1998 ൽ സജീവ പ്രവർത്തനങ്ങളിൽ നിന്ന് അവൈദ്യനാഥ് വിരമിച്ചപ്പോൾ അനന്തരഗാമിയായി പ്രഖ്യാപിച്ചത് ആദിത്യനാഥിനെ ആയിരുന്നു.
ഗോരഖ്പൂർ മഠാധിപതിയായി ചുമതലയേറ്റ യോഗി, 1998 ൽ ഗോരഖ്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തന്റെ ഗുരുവിനെ പിന്തുടർന്ന് 26ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി ലോക്സഭയിലെത്തി. തുടർന്ന് അഞ്ചു തവണ തുടർച്ചയായി ഗോരഖ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2002 ൽ ഹിന്ദു യുവവാഹിനിക്ക് രൂപം നൽകി. ഗോരക്ഷാ പ്രവർത്തനങ്ങൾ, ലവ് ജിഹാദിനെതിരായ നീക്കങ്ങൾ... കാവി രാഷ്ട്രീയത്തിൽ യോഗി കൂടുതൽ ശ്രദ്ധേയനായി. 2005 ൽ ഘർ വാപസി എന്ന പേരിൽ, മതം മാറിയ ഹിന്ദുക്കളെ തിരികെ കൊണ്ടുവരുന്ന പദ്ധതിക്ക് രൂപം നൽകി.
ആദ്യം അപ്രിയൻ,ഇന്ന് പ്രിയങ്കരൻ
തുടർച്ചയായി ലോക്സഭാംഗമായപ്പോഴും വാജ്‌പേയി, നരേന്ദ്ര മോദി മന്ത്രിസഭകളിൽ യോഗിക്ക് ഇടം കിട്ടിയിരുന്നില്ല. 2002 നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ നിർദ്ദേശിച്ചവരെ ബി.ജെ.പി സ്ഥാനാർത്ഥികളാക്കാത്തതിൽ പ്രതിഷേധിച്ച്, ഹിന്ദു മഹാസഭാ സ്ഥാനാർത്ഥികളെ നിർത്തി അന്നത്തെ കാബിനറ്റ് മന്ത്രി ശിവപ്രതാപ് ശുക്ല ഉൾപ്പെടെ എട്ടു ബി.ജെ.പി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തിയ പാരമ്പര്യവുമുണ്ട് യോഗിക്ക്!
2006 ൽ ലഖ്നൗവിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം നടക്കുന്ന ദിവസം. അതേ ദിവസം ഗോരഖ്പൂരിൽ വിരാട് ഹിന്ദു മഹാസമ്മേളനം സംഘടിപ്പിച്ച് നേതൃത്വത്തെ യോഗി വെല്ലുവിളിച്ചിട്ടുണ്ട്. 2010 മാർച്ചിൽ. വനിതാ സംവരണ ബിൽ അവതരണ വേളയിൽ പാർട്ടി വിപ്പ് പാലിക്കാത്ത ബി.ജെ.പി എം.പിയായിരുന്നു യോഗി ആദിത്യനാഥ്. 2017 ലെ യു.പി തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ആദ്യ രണ്ടു ഘട്ട പ്രചരണങ്ങളിലും താരപ്രചാരകരുടെ പട്ടികയിൽ യോഗി ഇടം പിടിച്ചിരുന്നില്ല.