nk-premachandran

മൂന്നാം തവണയും പാർലമെന്റിലെ മികച്ച പ്രകടനത്തിന് സൻസദ് വിശിഷ്ട രത്ന പുരസ്കാരം നേടി കേരളത്തിന് അഭിമാനമാവുകയാണ് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പാർലമെന്റിലെ പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തിയാണ് ഈ അംഗീകാരത്തിന് എം.പിമാരെ തിരഞ്ഞെടുക്കുന്നത്. നിയമനിർമ്മാണം, ഭേദഗതികൾ, ചോദ്യത്തരവേള,പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലെ ഇടപെടൽ, സ്വകാര്യബില്ലുകളുടെയും പ്രമേയങ്ങളുടെയും അവതരണങ്ങൾ, ഓർഡിനൻസുകളിലെ നിരാകരണ പ്രമേയങ്ങൾ, പാർലമെന്റിലെ ഹാജർ നില, മണ്ഡലങ്ങളിലെ വികസന വിഷയങ്ങൾ എന്നിവ ഇതിനായി സസ്സൂക്ഷ്മം വിലയിരുത്തും.

പി.ആർ.എസ് ഇന്ത്യയുടെ സ്ഥിതിവിവരക്കണക്കുകളും അടിസ്ഥാന രേഖയായി പരിഗണിക്കും. അപ്പർ ഹൗസായ രാജ്യസഭയിലെ 245 അംഗങ്ങളിൽ നിന്ന് മൂന്ന് പേരും ലോവർ ഹൗസായ പാർലമെന്റിലെ 545 അംഗങ്ങളിൽ നിന്ന് എട്ട് പേരുമുൾപ്പെടെ ആകെയുള്ള 790 പേരിൽ നിന്നാണ് 11 പേർക്ക് സൻസദ് വിശിഷ്ട രത്ന പുരസ്കാരം നൽകി വരുന്നത് എന്നത് ആ പുരസ്കാരത്തിന്റെ മാഹാത്മ്യം എത്രമാത്രമാണെന്ന് വിളിച്ചറിയിക്കുന്നുണ്ട്. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റെ നിർദ്ദേശപ്രകാരമാണ് 2010ൽ മികച്ച പാർലമെന്റേറിയൻ പുരസ്‌കാരം ഏർപ്പെടുത്തിത്തുടങ്ങിയത്.

പാർലമെന്റിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന അനിതരസാധാരണമായ പ്രതിഭയാണ് റവല്യുഷണറി സോഷ്യലിസ്റ്റ് പാർട്ടിയംഗമായ എൻ.കെ. പ്രേമചന്ദ്രൻ എം.പി സഭയിലെ മികച്ച പാർലമെന്റേറിയനും പ്രസംഗികനുമാണ് അദ്ദേഹം.

പതിനാറാം ലോക്‌സഭയിൽ ആർ.എസ്.പിയുടെ ഏക അംഗമായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ തന്റെ 5 വർഷക്കാലയളവിൽ ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ 297 ചർച്ചകളിൽ പങ്കെടുക്കുകയും ലോവർ ഹൗസിൽ സർക്കാർ അവതരിപ്പിച്ച വിവിധ നിയമനിർമ്മാണങ്ങൾക്കും പ്രമേയങ്ങൾക്കും 2000ത്തിലധികം ഭേദഗതികൾ അവതരിപ്പിക്കുകയും ചെയ്തു എന്നത് പ്രവർത്തന മികവിന്റെയും അർപ്പണ മനോഭാവത്തിന്റെയും ഉത്തമോദാഹരണമാണ്.

ഈ നേട്ടത്തിൽ സഭയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അംഗങ്ങൾ അദ്ദേഹത്തെ അഭിനന്ദിച്ചത് എൻ.കെ. പ്രേമചന്ദൻ എം.പി എത്രമാത്രം മികവുറ്റ വ്യക്തി പാർലമെന്റേറിയനാണെന്ന് കാട്ടിത്തരുന്നു. തന്റെ 2000ത്തിൽപ്പരം ഭേദഗതികൾ സഭ നിഷേധാത്മകമായി നിരസിച്ചു എന്നത് എൻ.കെയെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. പക്ഷേ തളർത്തിയിട്ടില്ല. മോദി സർക്കാർ അദ്ദേഹത്തിന്റെ ഭേദഗതികളിൽ മെറിറ്റ് കണ്ടെത്തിയെങ്കിലും പിന്നീടുള്ള ഘട്ടത്തിൽ അദ്ദേഹത്തെക്കുറിച്ച് പരാമർശിക്കാതെ തന്നെ അത് ഔദ്യോഗിക ഭേദഗതികളായി നീക്കുകയുണ്ടായി. കേരള നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ സർക്കാർ അംഗീകരിക്കുന്ന രീതി അദ്ദേഹം പാർലമെന്റിനെ ഓർമ്മപ്പെടുത്തുകയുണ്ടായി. അതുപോലെ ഈ സഭയിൽ ഒരു മാതൃകയും നടപ്പുരീതിയും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതു വഴി പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നു വരുന്ന ക്രിയാത്മക നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെടുകയും നിയമനിർമ്മാണവും നയരൂപീകരണവും കൂടുതൽ ഫലപ്രദമാകുക വഴി രാജ്യത്തിനത് നേട്ടമുണ്ടാക്കുകയും ചെയ്യുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ സഭയെ ഓർമ്മിപ്പിച്ചു.

16ാം ലോക്സഭയിൽ സർക്കാരിനോട് എൻ.കെ.പ്രേമചന്ദ്രൻ 469 ചോദ്യങ്ങൾ ചോദിക്കുകയും 7 സ്വകാര്യ ബില്ലുകൾ ലോവർ ഹൗസിൽ അവതരിപ്പിക്കുയും ചെയ്തു. മോദി സർക്കാരിന്റെ വിവിധ ഓർഡിനൻസുകൾ വിസമ്മതിക്കുന്ന 21നിയമപരമായ പ്രമേയങ്ങളും അദ്ദേഹത്തിന്റേതാണ്. 11, 12 ലോക് സഭകളിൽ അംഗമായിരുന്ന എൻ.കെ.പ്രേമചന്ദ്രൻ 2000 - 06 കാലഘട്ടത്തിൽ രാജ്യസഭയിലും തന്റെ പാർട്ടിയെ പ്രതിനിധീകരിച്ചിരുന്നു.


ആകസ്മികമായി,2018ലെ അനിയന്ത്രിതമായ നിക്ഷേപ പദ്ധതികളുടെ നിരോധനത്തിലേക്ക് മാറ്റങ്ങൾ നിർദ്ദേശിച്ചപ്പോൾ 16ാം ലോക്സഭയുടെ അവസാന ഭേദഗതി നീക്കാനുള്ള അവസരവും എൻ.കെ.പ്രേമചന്ദ്രന് കൈവന്നു. പാർലമെന്റ് അംഗങ്ങൾ ബൈലോകളുടെ ഫെസിലിറ്റേറ്ററായും മീറ്റിംഗുകൾ നിയന്ത്രിക്കുന്നതിനുള്ള കൺസൾട്ടന്റായും പാർലമെന്ററി നടപടിക്രമങ്ങളിൽ അംഗങ്ങൾക്ക് ഉപദേശകനായും പ്രവർത്തിക്കേണ്ടവനാണ്. അതുകൊണ്ടു തന്നെ കോടതി നടപടികളും സർക്കാർ നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ള നിയമ പരിജ്ഞാനം ഒരംഗത്തിനുണ്ടായിരിക്കണം. സമൂഹത്തെയും സംസ്കാരത്തെയും കുറിച്ചുള്ള ധാരണ, മികച്ച ആശയ വിനിമയ ശേഷി, വിശകലന ചിന്താപാടവം, സജീവമായ ശ്രദ്ധയർപ്പിക്കൽ, യുക്തിയും ബുദ്ധിയും സമന്വയിപ്പിച്ച് വ്യക്തമായി ചിന്തിക്കുവാനുള്ള കഴിവ്, വിശദമായുള്ള ശ്രദ്ധ എന്നിവയാണ് സഭാംഗങ്ങൾക്ക് വേണ്ടുന്ന ഗുണഗണങ്ങൾ.


ഒരു പാർലമെന്റേറിയന് വേണ്ടുന്ന ഈ എല്ലാ ഗുണഗണങ്ങളും എൻ.കെ.പ്രേമചന്ദ്രനിൽ ഒത്തുചേർന്നിട്ടുണ്ട്. സ്പീക്കറുടെ അസാന്നിധ്യത്തിൽ പാർലമെന്റ് നിയന്ത്രിക്കാനുള്ള പാനൽ ഒഫ് ചെയർമാൻമാരായി എം.പി മാരെ സാധാരണയായി ഉൾപ്പെടുത്തുന്നത് അവരുടെ പാർട്ടിയുടെ സഭയിലെ അംഗബലമനുസരിച്ചാണ്. അങ്ങനെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാർട്ടികളെ ഉൾപ്പെടുത്തി. എന്നാൽ ഒരു പാർട്ടിയുടെ ഏക അംഗമായ പ്രേമചന്ദ്രനെ പാനൽ ഒഫ് ചെയർമാൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ആ പരിഗണന വച്ചിട്ടല്ലായിരുന്നു. അദ്ദേഹത്തിന്റെ പാർലമെന്റിലെ പെർഫോമൻസ്, ഡിബേറ്റിങ്ങ് പവർ, മറ്റു വിഷയങ്ങളിലെ ഇടപെടൽ എന്നിവയെല്ലാം കണക്കിലെടുത്താണ്. അതൊരു വലിയ അംഗീകാരമാണ്. ഇന്നത്തെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പാർലമെന്ററി കാര്യമന്ത്രി ആയിരിക്കെ ഒരു ബിൽചർച്ചയ്ക്കിടയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി നൽകിയ ഭേദഗതികളെപ്പറ്റി പ്രകീർത്തിക്കുകയുണ്ടായി.ആ ഭേദഗതികൾ അംഗീകരിച്ചില്ലെങ്കിലും ബിൽചർച്ചകളിൽ അക്കാഡമിക് താല്പര്യത്തോടെ പങ്കെടുക്കുന്ന പ്രേമചന്ദ്രനെ പ്രശംസിക്കുകയായിരുന്നു. ഭാവിയിലും സഭയിലെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻകൈയെടുക്കണമെന്ന് അദ്ദേഹത്തോട് നിർദ്ദേശിച്ചു.


ജനാധിപത്യ ഭരണക്രമത്തിൽ ഫലവത്തായതും നേരായ രീതിയിലുള്ളതുമായ ഭരണവും ഭരണപ്രതിനിധികളുമാണ് ആവശ്യം. ആ അർത്ഥത്തിൽ എൻ.കെ. പ്രേമചന്ദ്രൻ ഇന്ത്യൻ പാർലമെന്റിന് ഒരു മുതൽക്കൂട്ടാണ്. വാജപേയ് സർക്കാരിന്റെ കാലത്ത് തന്റെ ആദ്യ പാർലമെന്റ് പ്രസംഗത്തിൽ വാജപേയിയെ അതിനിശിതമായി എൻ.കെ.പ്രേമചന്ദ്രൻ വിമർശിച്ചു. എന്നാൽ സഭ പിരിഞ്ഞപ്പോൾ .പ്രേമചന്ദ്രന്റെ തോളിൽ തട്ടി അഭിനന്ദിച്ചത് മറ്റാരുമല്ല, സാക്ഷാൽ വാജ്പേയിയാണ്. സഭയിലെ ഒറ്റയാൾ പട്ടാളമെന്നാണ് മുൻ സ്പീക്കർ സുമിത്ര മഹാജൻ പ്രേമചന്ദ്രനെ വിശേഷിപ്പിച്ചത്.

മുൻ ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായി നിരവധി സംവാദങ്ങൾ നടത്തിയിട്ടുണ്ട് പ്രേമചന്ദ്രൻ. ജയ്റ്റ്ലി പ്രേമചന്ദ്രന്റെ പാർലമെന്റിലെ ഇടപെടലുകളെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ബില്ലിനെ എതിർത്ത് സംസാരിക്കവേ എൻ.കെയെ അംഗീകരിക്കാതെ ഒഴിവാക്കിയ അരുൺ ജെ്ര്രയ്ലി പിറ്റേന്ന് സഭയിലെത്തിയപ്പോൾ എൻ.കെ യോട് പറഞ്ഞത് 'ഐ ഡിഡ് മൈ ഹോംവർക്ക് യെസ്റ്റർഡേ, ഏൻഡ് ഐ ഫൗണ്ടൗട്ട് യു ആർ റൈറ്റ്' എന്നായിരുന്നു. പക്ഷേ, മറ്റൊരു അർത്ഥത്തിൽ നോക്കിയാൽ തന്റെ വാദം ശരിയാണെന്നതിനാൽ തിരുത്തുന്നില്ലെന്നും ജെയ്റ്റ്ലി കൂട്ടിച്ചേർത്തു.

പാർലമെന്ററി ജനാധിപത്യത്തെയും അതിന്റെ മൂല്യവ്യവസ്ഥകളെയും ശക്തിപ്പെടുത്തുന്നതിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2016ലെ മികച്ച പാർലമെന്റേറിയനുള്ള 'ലോക്മത് 'പുരസ്കാരത്തിന് മറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ലോക്മത് മീഡീയഗ്രൂപ്പ് എൻ.കെ.പ്രേമചന്ദ്രനെ തിരഞ്ഞെടുത്തിരുന്നു. മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജനും ചേർന്നാണ് ഈ പുരസ്കാരം സമ്മാനിച്ചത്.

വിജ്ഞാൻ ഭവനിലെ സമ്മാന വേദിയിൽ എൻ.കെയെ അഭിനന്ദിച്ച് വെങ്കയ്യ നായിഡു പറഞ്ഞത് എൻ.കെ.പ്രേമചന്ദ്രനല്ലാതെ അവാർഡ് മറ്റാർക്ക് കൊടുക്കാനാണ് എന്നാണ്. മകൻ കാർത്തിക്കിന്റെ ഡൽഹിയിലെ വിവാഹ സൽക്കാര വേളയിൽ പങ്കുകൊള്ളാനെത്തിയത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കർ ഓം ബിർള, മൂന്ന് ധനമന്ത്രിമാരായ മൻമോഹൻ സിംഗ്, പി. ചിദംബരം, നിർമ്മല സീതാരാമൻ എന്നിവരും ശരദ് പവാർ, ദേവഗൗഡ, സുപ്രിയ സുലെ തുടങ്ങി ഒട്ടേറെ വി.വി.ഐ.പികളാണ് എന്നത് നാഷണൽ പൊളിറ്റിക്സിൽ എൻ.കെ. പ്രേമചന്ദ്രന്റെ സ്ഥാനം എത്രയാണെന്നതിന്റെ ഉദാഹരണം മാത്രം.

സൻസദ് വിശിഷ്ട രത്ന, ലോക്മത്, ഫെയിം ഇന്ത്യ, സി.എച്ച്.മുഹമ്മദ് കോയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അവാർഡുകൾ എൻ.കെ.പ്രേമചന്ദ്രനെ തേടിയെത്തിയിട്ടുണ്ട്. 1996, 1998, 2014, 2019 വർഷങ്ങളിൽ കൊല്ലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ പ്രേമചന്ദ്രൻ 2000ൽ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006 -2011 കാലത്ത് കേരളത്തിൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിഭവ വകുപ്പു മന്ത്രിയായി. ഈ കാലയളവിൽ മുല്ലപ്പെരിയാർ വിഷയത്തിൽ അദ്ദേഹം കൈക്കൊണ്ട നടപടികൾ പരക്കെ അഭിനന്ദിക്കപ്പെട്ടു.

ജനപ്രതിനിധി ആയിക്കഴിഞ്ഞാൽ ആനുകൂല്യങ്ങൾ കൈപ്പറ്റി സ്വന്തക്കാർക്ക് വേണ്ടി എന്തും ചെയ്യുന്ന, സഭയിൽ നേരാം വണ്ണം എത്താത്ത എത്രയോ പേരുണ്ട്. സഭ സമ്മേളിക്കുമ്പോൾ കൂർക്കം വലിച്ചുറങ്ങുന്നവരും ഒരക്ഷരം ഉരിയാടാനറിയാത്തവരും സുലഭം. അവർക്കിടയിൽ എന്നും വേറിട്ട വ്യക്തിത്വമാണ് എൻ.കെ.പ്രേമചന്ദ്രന്റേത്. പതറാത്ത പോരാട്ട വീര്യത്തിന്റെ പര്യായം. 2019ൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ഒന്നര ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. പൊതുപ്രവർത്തനം ജീവവായുവായി കരുതുന്ന ചുരുക്കം ചിലരിൽ എക്കാലവും മുൻനിരയിലായിരിക്കും എൻ.കെ.പ്രേമചന്ദ്രന്റെ സ്ഥാനം. ഭാര്യ: ഡോ.എസ് ഗീത. മകൻ: കാർത്തിക്.

( ലേഖകൻ സെക്രട്ടേറിയറ്റ് നിയമവകുപ്പിൽ സെക്‌ഷൻ ഓഫീസറാണ്. ഫോൺ: 9495303488)