
ബാഹുബലിക്ക് ശേഷം ആരാധകർ ഏറെ കാത്തിരുന്ന രാജമൗലി ചിത്രമാണ് ആർആർആർ. രാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളുൾപ്പെടെ വമ്പൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്.
പക്ഷേ ഈ ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ ലൊക്കേഷൻ കിന്റർ ഗാർഡൻ പോലെ രസകരമായിരുന്നുവെന്നാണ് സംവിധായകൻ രാജമൗലി പറയുന്നത്. കൗമുദി മൂവീസിന് വേണ്ടി പേളി മാണി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആർആർആർ ലൊക്കേഷൻ കിന്റർ ഗാർഡൻ പോലെയായിരുന്നു. അവിടത്തെ ചെറിയ കുട്ടികളെ എങ്ങനെ നിയന്ത്രിക്കാൻ കഴിയും. അവരെ അവരുടെ വഴിക്ക് വിടാനല്ലേ പറ്റൂ. അതുപോലെയായിരുന്നു ഇവർ രണ്ടുപേരും. പക്ഷേ ടേക്ക് ഓക്കെ പറയുമ്പോഴും അഭിനയിക്കാൻ വന്നു നിൽക്കുമ്പോഴും നല്ല കുട്ടികളായിരുന്നു". ചിരിയോടെ രാജമൗലി പറഞ്ഞു.
തന്റെ സിനിമകൾ പാൻ ഇന്ത്യൻ ചിത്രങ്ങളാക്കുന്നതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. ഭാഷയ്‌ക്കും സംസ്കാരത്തിനും മാത്രമേ മാറ്റം വരുന്നുള്ളൂ. മനുഷ്യരുടെ വികാരങ്ങൾക്ക് മാറ്റം വരുന്നില്ല. എന്റെ സിനിമകളിൽ ഇമോഷൻസിന് വലിയ പ്രാധാന്യം നൽകാറുണ്ട്.
എല്ലാത്തരം പ്രേക്ഷകർക്കും അത് മനസിലാകും. തെലുങ്ക് പ്രേക്ഷകർക്ക് വേണ്ടി എടുക്കുന്ന ചിത്രങ്ങൾ അവിടെ തന്നെ റിലീസ് ചെയ്യാറാണ് പതിവ്. ആർആർആർ എന്റെ ആദ്യ ചിത്രം എന്ന രീതിക്കാണ് എടുത്തിരിക്കുന്നത്.
ഒരു സിനിമ ചെയ്യുമ്പോൾ ഫോക്കസ് പൂർണമായും ആ സിനിമയിൽ തന്നെയായിരിക്കും. ചിത്രത്തിൽ ബോളിവുഡ് താരം ആലിയ വളരെ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ എനിക്ക് വളരെ സോഫ്ടും സ്ട്രോംഗുമായിട്ടുള്ള ഒരു നായികയെ വേണമായിരുന്നു.
അങ്ങനെയാണ് ആലിയയിലേക്ക് എത്തിയത്. ഡയമണ്ടിനെ പോലെയാണ് അവർ. ഗംഭീരമായി പെർമോഫും ചെയ്യും. പത്തിൽ 9.8 മാർക്ക് കൊടുക്കും. രാം ചരണും ജൂനിയർ എൻടിആറും പത്തിൽ പത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
'ചെറിയ പ്രായം മുതൽ കഥ പറയാൻ ഇഷ്ടമുള്ള ആളായിരുന്നു. ക്ലാസിലെ കുട്ടികളോടാണ് കഥകൾ പറഞ്ഞിരുന്നു. സംവിധായകൻ ആകുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. സിനിമകൾ റിലീസാകുമ്പോൾ നല്ലതും മോശവുമായ കമന്റുകൾ വരും.
എന്റെ സിനിമകൾ മോശമാണെന്ന് കേട്ടാലും എന്നെ അത് ബാധിക്കാറില്ല. എന്റെ ചിത്രത്തെ കുറിച്ച് ആരും ഒന്നും പറഞ്ഞില്ലെങ്കിൽ മാത്രമാണ് വിഷമം. " രാജമൗലിയുടെ വാക്കുകൾ.
വീഡിയോ കാണാം...