basheer

കേരള രാഷ്‌ട്രീയത്തിലെ വേറിട്ട ആദർശ വ്യക്തിത്വമായിരുന്നു തലേക്കുന്നിൽ ബഷീർ. നന്നായി വായിക്കുകയും പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ബഷീർ കോൺഗ്രസ് രാഷ്‌ട്രീയത്തിലെ പകരംവയ്‌ക്കാനില്ലാത്ത പ്രതിഭാശാലിയാണ്. വ്യക്തിപരമായി അദ്ദേഹത്തോടുളള കടപ്പാട് നമസ്‌കാരപൂർവം ഓർമ്മിച്ചുകൊള്ളട്ടെ. സംസ്ഥാന സർക്കാർ സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ സ്ഥാനത്തേയ്‌ക്ക് എന്റെ പേര് സജീവമായി പരിഗണിച്ചിരുന്ന സമയം. ചില പേരുകൾ കൂടി ഉയർന്നതിനാൽ എന്റെ സാദ്ധ്യതയ്‌ക്ക് മങ്ങലേറ്റു. അതിനിടെയാണ് അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്ന തലേക്കുന്നിൽ ബഷീറിനെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി സന്ദർശിച്ചത്. അവിടെവച്ച് ബഷീർ ഒരു കാര്യം മാത്രമേ ആന്റണിയോട് പറഞ്ഞുള്ളൂ. 'ജോർജ് ഓണക്കൂറിനെ സർവവിജ്ഞാന കോശം ഡയറക്‌ടർ സ്ഥാനത്തേക്ക് പരിഗണിക്കണം'. പലരും വഴി ഇക്കാര്യം ഞാൻ അറിഞ്ഞു.

ബഷീർ ഓരോ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും പറഞ്ഞുകേട്ടിട്ടുള്ള രസകരമായ ഒരു കാര്യമുണ്ട്. 'തേമ്പാമൂട്ടിലോ മറ്റിടങ്ങളിലോ ഉള്ള വസ്‌തുക്കൾ ഒന്നൊന്നായി വിറ്റാണ് തിരഞ്ഞെടുപ്പ് കടങ്ങൾ തീർത്തിരുന്നത്. 'തിരുവനന്തപുരത്ത് കെ.ശങ്കരനാരായണ പിള്ളയായിരുന്നു ഭൂമി വിറ്റ് തിരഞ്ഞെടുപ്പ് കടം വീട്ടിയിരുന്ന മറ്രൊരാൾ.

കേരള സർവകലാശാല സെനറ്റിൽ വിദ്യാർത്ഥി പ്രാതിനിദ്ധ്യം ഉറപ്പാക്കിയതിന് പിന്നിൽ ബഷീറിന്റെ പരിശ്രമമുണ്ടായിരുന്നു. സർവകലാശാലയിൽ ഒട്ടേറെ നൂതന പദ്ധതികൾ അദ്ദേഹം ആവിഷ്‌കരിച്ച് നടപ്പാക്കി. മലയാള മിഷന്റെയും തിരുവനന്തപുരം വികസന അതോറിട്ടിയുടേയും തലപ്പത്തിരുന്ന സമയത്ത് ഭാഷയുടെയും തലസ്ഥാന നഗരത്തിന്റെയും വികസനത്തിന് അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. ബഷീറിന്റെ കുടുംബത്തിന്റെ സ്‌നേഹനിർഭരമായ ആതിഥ്യം നിരവധി തവണ ഞാൻ അനുഭവിച്ചിട്ടുണ്ട്. പ്രേംനസീർ ഫൗണ്ടേഷന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ ബഷീർ എപ്പോഴും എന്നെയും ഉൾപ്പെടുത്തിയിരുന്നു.

ശാസ്‌തമംഗലത്ത് ബഷീർ വീടുവയ്‌ക്കുന്ന സമയം. വീടുപണി പുരോഗമിക്കുന്തോറും ബഷീർ വിഷമസന്ധിയിലാണെന്നറിഞ്ഞ പ്രേംനസീർ സഹോദരി സുഹ്‌റയുടെ പക്കൽ കുറച്ച് പണം ഏൽപ്പിച്ച ശേഷം പറഞ്ഞു. 'ആയാൾ വലിയ അഭിമാനിയാണ്. ഞാൻ പണം കൊടുത്താൻ വാങ്ങിയെന്ന് വരില്ല. ആവശ്യാനുസരണം നീ ഉപയോഗിക്കണം'. അത്രത്തോളം അഭിമാനിയായിരുന്നു ബഷീർ. സംസ്ഥാനത്ത് നിന്നും ചെറിയൊരു സമ്മർദ്ദം ചെലുത്തിയെങ്കിൽ കേന്ദ്രമന്ത്രിസഭയിൽ അദ്ദേഹം അംഗമാകുമായിരുന്നില്ലേ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. ബഷീറിന്റെ വേർപാട് രാഷ്‌ട്രീയ സൗഹൃദ മണ്ഡലത്തിൽ സൃഷ്‌ടിക്കുന്ന പ്രകാശശൂന്യത വലിയ ദു:ഖം തന്നെയാണ്.