
മുംബയ്: 5ജി സേവനങ്ങൾ നൽകാൻ തങ്ങൾ പൂർണ സജ്ജമാണെന്ന് എയർടെൽ. സ്‌പെക്ട്രം ലേലം നടക്കുകയും, സർക്കാരിൽ നിന്ന് ആവശ്യമായ അനുമതികളും ലഭിച്ചാലുടൻ ഉപഭോക്താക്കൾക്ക് 5ജി സേവനങ്ങൾ നൽകി തുടങ്ങാനാവുമെന്നാണ് എയർടെൽ അവകാശപ്പെടുന്നത്. ഈ വർഷം മേയ് മാസത്തോടു കൂടി 5ജി സ്‌പെക്ട്രത്തിന്റെ ലേലം നടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 15 മാസമായി 5ജി കണക്ടിവിറ്റിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ ആ സേവനങ്ങൾ നൽകാൻ തങ്ങൾ തയ്യാറായിരിക്കുന്നുവെന്നാണ് കമ്പനിയുടെ സിടിഒ രൺദീപ് സെഖോൺ പറയുന്നത്. 5ജി സേവനങ്ങൾ പുറത്തിറക്കാൻ ഞങ്ങൾ സജ്ജമാണ്. ലേലത്തീയതിക്കായി സർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്. ഞങ്ങൾക്ക് എപ്പോഴാണോ സ്‌പെക്ട്രം ലഭിക്കുന്നത്, അതിനു തൊട്ടു പിന്നാലെ തന്നെ ഞങ്ങൾ ഞങ്ങളുടെ ഉപഭോക്തക്കൾക്ക് 5ജി സേവനം നൽകിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എല്ലാ പ്രമുഖ ടെലികോം കമ്പനികളും അവരുടെ 4ജി ഡാറ്റ പ്ലാനുകളുടെ വില വർദ്ധിപ്പിച്ചിരുന്നു. എന്നിരുന്നാലും 5ജി പ്ലാനുകളുടെ നിരക്കിൽ നിലവിലുള്ള 4ജി പ്ലാനുകളേക്കാൾ കാര്യമായ വർദ്ധന ഉണ്ടാകാൻ സാധ്യതയില്ല. സ്പെക്ട്രം ലേലത്തിനു ശേഷം മാത്രമേ അന്തിമ ചിലവ് അറിയാൻ സാധിതക്കുകയുള്ളുവെന്നും സെഖോൺ പറയുന്നു. ഏകദേശം രണ്ട് വർഷം മുമ്പ് തന്നെ 5ജി ഫോണുകൾ ഇന്ത്യയിലെത്തി. എന്നാൽ അവ ഉപയോഗിക്കുന്നതിനുള്ള നെറ്റ്‌വർക്ക് ഇതു വരെ ലഭ്യമായിട്ടില്ല.
എയർടെൽ തങ്ങളുടെ 5ജിയുടെ ഉയർന്ന വേഗതയും,കുറഞ്ഞ ലാറ്റൻസിയും ഉപയോക്താക്കൾക്കു മുന്നിൽ അവതരിപ്പിക്കാൻ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഗുരുഗ്രാമിലെ മനേശ്വറിലെ കമ്പനിയുടെ നെറ്റ്‌വർക്ക് എക്സ്പീരിയൻസ് സെന്ററിൽ എറികസൺ 5ജി റേഡിയോയുടെ സഹായത്താലാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയിൽ 1983 ലോകകപ്പിൽ സിംബാബ്‌വേക്കെതിരെ കപിൽ ദേവിന്റെ പ്രസിദ്ധമായ 175 നോട്ടൗട്ട് മത്സരത്തിന്റെ അനുഭവം പുനഃസൃഷ്ടിക്കുകയും ചെയ്തു. ഇതു വഴി സംവേദനാത്മക (ഇന്ററാക്ടീവ്) കായിക വിനോദങ്ങളുടെ ഭാവിയെ 5ജി എങ്ങനെയാണ് രൂപപ്പെടുത്തുന്നതെന്നും കമ്പനി വ്യക്തമാക്കി. ടിവി സാങ്കേതിക വിദഗ്ദ്ധരുടെ പണിമുടക്കിനെ തുടർന്ന് 1983 ലെ മത്സരത്തിന്റെ ചില ഫുട്ടേജ് ലഭിച്ചിരുന്നില്ല. അന്ന് കിട്ടാതിരുന്ന പ്രധാന നിമിഷങ്ങൾ 4കെ വ്യക്തതയിൽ ഈ പരിപാടിയിൽ ജീവസുറ്റതാക്കുകയും ചെയ്തു. സെക്കൻഡിൽ ഒരു ജിബി വരെ ഇന്റർനെററ്റ് വേഗതയും 20 എംഎസിൽ താഴെ ലേറ്റെൻസിയിലുമാണ് വീഡിയോ പ്ലേ ചെയ്തത്.