
തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് നടി ഭാവനയെ ക്ഷണിച്ചത് ദേശീയ മാദ്ധ്യമങ്ങൾ വരെ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകളും വ്യാപകമായി. ഇത് സംബന്ധിച്ച് നടൻ വിനായകൻ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നാലെ താരം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. കൊള്ളേണ്ടവർക്ക് കൊണ്ടു എന്നായിരുന്നു പോസ്റ്റ് ഒഴിവാക്കിയതിന് കാരണമായി നടൻ പറഞ്ഞത്. ഇതിന് മറുപടി നൽകുകയാണ് രഞ്ജിത്ത്.
'ഇവൻ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ആദ്യം മനസിലാക്കിയാൽ നന്നായിരുന്നു. ഇവൻ എന്നെ ഉദ്ദേശിച്ചാണെങ്കിൽ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകൻ കുറേയധികം ശ്രമിക്കേണ്ടി വരും. അതിനീ ജന്മം മതിയാകില്ലെന്നും' രഞ്ജിത്ത് പ്രതികരിച്ചു.
ഐ എഫ് എഫ് കെയുടെ ഉദ്ഘാടന വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചത് രഞ്ജിത്തായിരുന്നു. രഞ്ജിത്ത് ജയിലിൽ പോയി ദിലീപിനെ കണ്ടതിന്റെ ചിത്രങ്ങളും വാർത്തകളും സമൂഹമാദ്ധ്യമങ്ങളിൽ അന്ന് നിറഞ്ഞിരുന്നു. നിരവധി പേർ വിമർശനങ്ങളുമായി രംഗത്തുവരികയും ചെയ്തു.
പിന്നാലെ താൻ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത്ത് പ്രതികരിച്ചിരുന്നു. ഒരു യാത്രക്കിടെ യാദൃശ്ചികമായിട്ടാണ് ദിലീപിനെ ജയിലിൽ പോയി കണ്ടത്. ഉദ്ഘാടന ചടങ്ങിൽ ഭാവനയെ കൊണ്ടുവന്നത് നാടകീയ മുഹൂർത്തങ്ങൾ ഉണ്ടാക്കാൻ വേണ്ടിയായിരുന്നില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.