
ആംസ്റ്റർഡാം: ലോകത്താദ്യമായി മനുഷ്യ രക്തത്തിൽ മൈക്രോ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം കണ്ടെത്തി ശാസ്ത്രജ്ഞർ. പരിശോധന നടത്തിയ 77 ശതമാനം ആൾക്കാരുടെയും രക്തത്തിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത് വലിയ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. ഈ കണികകൾക്ക് രക്തത്തിലൂടെ ശരീരത്തിലുടനീളം സഞ്ചരിക്കാനും അവയവങ്ങളിൽ തങ്ങി നിൽക്കാനും കഴിയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ ഈ മൈക്രോ പ്ലാസ്റ്റിക് കണികകൾ മനുഷ്യ കോശങ്ങൾക്ക് നാശമുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. നെതർലാൻഡ്സിലെ ശാസ്ത്രജ്ഞരാണ് ഡോക്ടർമാരെയും ശാസ്ത്രലോകത്തെയും ആകെ ഞെട്ടിക്കുന്ന ഈ വിവരങ്ങൾ കണ്ടെത്തിയത്.
വ്യാസത്തിൽ 0.2 ഇഞ്ചിൽ (5 മില്ലീമീറ്റർ) താഴെയുള്ള ചെറിയ പ്ലാസ്റ്റിക് കഷ്ണങ്ങളെയാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ എന്നു വിളിക്കുന്നത്. അജ്ഞാതരായ 22 ദാതാക്കളിൽ നിന്നുള്ള രക്തസാമ്പിളുകളാണ് പരിശോധനയ്ക്ക വിധേയമാക്കിയത്. ഇവരിൽ 17 പേരുടെ രക്തത്തിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. പഠനത്തിന്റെ വിവരങ്ങൾ എൻവയോൺമെന്റൽ ഇന്റർനാഷണൽ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയ സാമ്പിളുകളിൽ പകുതിയിലും വെള്ളവും മറ്റ് പാനീയങ്ങളുടെയും കുപ്പികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളി എത്തിലീൻ ടെറെഫ്തലേറ്റ് അഥവാ പിഇടി ആണ് അടങ്ങിയിട്ടുള്ളത്. 36 ശതമാനം പേരുടെ രക്തത്തിൽ ഭക്ഷണപ്പൊതികളിൽ വ്യാപകമായി ഉപയോഗിക്കുന്ന പോളിസ്റ്റൈറീനും, 23 ശതമാനം പേരുടെ രക്തത്തിൽ പാക്കേജിംഗ് ഫിലിമുകളിലും ബാഗുകളിലും ഉപയോഗിക്കുന്ന പോളിഎത്തിലീനുമാണ് കണ്ടെത്തിയത്.
പഠനം നടത്തിയ രക്തസാമ്പിളുകളിൽ ഒരു മില്ലി ലിറ്റർ രക്തത്തിൽ 1.6 മൈക്രോഗ്രാം അളവിലാണ് പ്ലാസ്റ്റികിന്റെ സാന്നിധ്യമുള്ളത്. പഠനത്തിന്റെ ഫലം ആരോഗ്യ മേഖലയിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കുന്നതാണ്. എന്നാൽ സാമ്പിളുകളുടെയും ഗവേഷണം നടത്തിയ പോളിമറുകളുടെ എണ്ണവും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ ആംസ്റ്റർഡാമിലെ വ്രിജെ യൂണിവേഴ്സിറ്റിയിലെ ഇക്കോടോക്സിക്കോളജിസ്റ്റായ പ്രൊഫ ഡിക്ക് വെതാക് പറഞ്ഞു. പ്ലാസ്റ്റിക് കണികകൾ വായുവിൽ നിന്നോ ഭക്ഷണപാനീയങ്ങളിലൂടെയോ ആയിരിക്കാം ശരീരത്തിൽ പ്രവേശിച്ചിരിക്കുകയെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇത്തരം പ്ലാസ്റ്റിക് കണങ്ങൾ ശരീരത്തിൽ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുമെന്നാണ് പ്രൊ വെതാക്ക് പറയുന്നു. മുമ്പ് ഗർഭസ്ഥ ശിശുക്കളുടെ മസ്തിഷ്‌കം, കുടൽ, അന്നപഥം തുടങ്ങിയ ഭാഗങ്ങളിൽ മൈക്രോപ്ലാസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പക്ഷെ മനുഷ്യന്റെ രക്തത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഇതു വരെ കണ്ടെത്തിയിട്ടില്ല. ഭൂമിയെ ഏറ്റവുമധികം മലിനമാക്കുന്ന വസ്തുക്കളിൽ ഒന്നാണ് പ്ലാസ്റ്റിക്. വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഓരോ വർഷവും കടലിലേക്ക് പുറന്തള്ളുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഗോവയിലെ സാൽ അഴിമുഖത്തെ മത്സ്യങ്ങളിലും മറ്റ് സമുദ്രോത്പന്നങ്ങളിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.