car

മെൽബൺ: ഓസ്‌ട്രേലിയയിൽ മലയാളി നഴ്സിനെയും രണ്ടു മക്കളെയും കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ക്രാൻബേൺ വെസ്റ്റിൽ ഹൈവേയിൽ കൃഷിയിടത്തോടു ചേർന്നു നിറുത്തിയിട്ട നിലയിലാണ് കാർ കണ്ടെത്തിയത്.

30 വയസിനു മേൽ പ്രായമുള്ള യുവതിയും, ആറു വയസിൽ താഴെ പ്രായമുള്ള രണ്ടു പെൺകുട്ടികളുമാണ് മരിച്ചതെന്ന് വിക്ടോറിയ പൊലീസ് സ്ഥിരീകരിച്ചു. മരിച്ചവർ മലയാളികൾ ആണെന്നാണ് ഇവിടെയുള്ള മലയാളികൾ നൽകുന്ന വിവരം. വാഹനത്തിന് അപകടം പറ്റിയതറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തീയണച്ചത്.

അപകടത്തിൽ ദൃക്സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് വിക്ടോറിയ പൊലീസ് നിർദേശിച്ചിട്ടുണ്ട്. മരിച്ചവരുടെ വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ഡിഎൻഎ പരിശോധന നടത്തി മൃതദേഹം തിരിച്ചറിഞ്ഞ ശേഷമായിരിക്കും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക.