
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിനിടെയുളള സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാക്കളായ ശശി തരൂരിനെയും കെ.വി തോമസിനെയും വിലക്കിയ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നടപടിയ്‌ക്കെതിരെ ചോദ്യമുയർത്തി മന്ത്രി പി.കെ മുഹമ്മദ് റിയാസ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനടക്കം പങ്കെടുക്കുമെന്ന് അറിയിച്ച സെമിനാറിൽ പങ്കെടുക്കാൻ സമ്മതമറിയിച്ച നേതാക്കളെ കോൺഗ്രസ് കേന്ദ്ര നേതൃത്വമാണ് പിന്തിരിപ്പിച്ചത്. ഇതിനെ ശക്തമായി വിമർശിച്ച മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റും അതിൽ ശ്രീജിത്ത് പണിക്കർ ചേർത്ത കമന്റും ശ്രദ്ധേയമാകുന്നു. മന്ത്രിയുടെ പോസ്‌റ്റിന് ലഭിച്ചതിന്റെ മൂന്നിരട്ടി ലൈക്കുകളാണ് ശ്രീജിത്ത് പണിക്കറുടെ കമന്റിന് ലഭിച്ചത്.
രാജ്യത്ത് 55 ശതമാനം വോട്ട്‌വിഹിതം ബിജെപിക്കെതിരാണെന്നും ബിജെപി ഉയർത്തുന്ന അപകടകരമായ രാഷ്‌ട്രീയത്തിനെതിരെ രാജ്യത്തെ ബിജെപി ഇതര ശക്തികളെ എങ്ങനെ ഒന്നിപ്പിക്കാം എന്ന് ചർച്ചചെയ്യാനാണ് 23ാം പാർട്ടി കോൺഗ്രസിൽ സെമിനാർ സംഘടിപ്പിക്കുന്നതെന്നുമാണ് മന്ത്രി പോസ്‌റ്റിൽ അഭിപ്രായപ്പെട്ടത്. വരാമെന്ന് വാക്ക് പറഞ്ഞ കോൺഗ്രസ് നേതാക്കളെ എന്തിന് നേതൃത്വം വിലക്കി എന്നും മന്ത്രി ചോദിക്കുന്നു. ഇതിന് മറുപടിയായി എനിക്കുളള വിലക്ക് നീക്കി സിപിഎം പ്രതിനിധികൾ ചർച്ചയിൽ എന്നോടൊപ്പം പങ്കെടുക്കണമെന്നാണ് ശ്രീജിത്ത് പണിക്കർ പറഞ്ഞത്.