
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ബലം പ്രയോഗിച്ച് അടിച്ചേൽപ്പിക്കരുതെന്ന സി.പി.ഐയുടെ അഭിപ്രായം സ്വാഗതംചെയ്ത് കോൺഗ്രസ് നേതാവ് കെ.സി.ജോസഫ്. ചില കാര്യങ്ങൾ തിരുത്തണം എന്ന സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്‍റെ അഭിപ്രായം സ്വാഗതാർഹമാണെന്ന് കെ.സി. ജോസഫ് പറഞ്ഞു.
പദ്ധതി ബലം പ്രയോഗിച്ച് അടിച്ചേൽപ്പിക്കരുതെന്ന് സി.പി.ഐ പറയുമ്പോൾ കണ്ണുമടച്ച് പദ്ധതിയെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് (എം) തയ്യാറായത് നിർഭാഗ്യകരമാണ്. സി.പി.ഐയോടൊപ്പം നിന്ന് കെ റെയിൽ പദ്ധതി വേണ്ടെന്ന് പറയാൻ കേരളാ കോൺഗ്രസ് എം തയ്യാറാവണമെന്നും കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളുടെ വികാരം അവഗണിക്കരുതെന്നും കെ.സി.ജോസഫ് ആവശ്യപ്പെട്ടു.
സിൽവർ ലൈനിനെ എതിർക്കുന്ന എല്ലാവരും ശത്രുക്കൾ അല്ലെന്നായിരുന്നു രാവിലെ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞത്. സമാധാന അന്തരീക്ഷത്തിൽ മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. സമീപനം ജനങ്ങളെ ബോധ്യപ്പെടുത്തണം. എന്നിട്ടാകണം പദ്ധതി നടപ്പാക്കേണ്ടതെന്നും പ്രകാശ് ബാബു പറഞ്ഞു. തീവ്രവാദ സ്വഭാവം ഉള്ളവർ സമരത്തിൽ ഉണ്ടെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.