doval

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ സാധാരണ ബന്ധമുണ്ടാകാനും അതിർത്തിയിലെ സംഘർഷാവസ്ഥ പരിഹരിക്കാനും ഇരു രാജ്യങ്ങളും സൈന്യത്തെ അതിർത്തിയിൽ നിന്നും പൂർണമായും പിൻവലിക്കണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം മുന്നോട്ട്‌പോകാൻ 'തടസങ്ങൾ' ഉണ്ടെങ്കിൽ അതൊഴിവാക്കണമെന്നും പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയോട് പറഞ്ഞു. അതിർത്തിയിലെ പ്രവർത്തനങ്ങൾ തുല്യമായിരിക്കണമെന്നും പരസ്‌പര സുരക്ഷയെ ലംഘിക്കുന്നതാകരുതെന്നും ഡോവൽ ചൈനയെ ഓർമ്മിപ്പിച്ചു.

ചൈന സന്ദർശനത്തിനായുള‌ള ക്ഷണത്തോട് പോസിറ്റീവായി പ്രതികരിച്ച ഡോവൽ എന്നാൽ ഇരുവിഭാഗങ്ങൾക്കുമിടയിലെ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിച്ച ശേഷം ചൈന സന്ദർശിക്കാമെന്നാണ് അറിയിച്ചത്. ഇന്നലെ അഫ്‌ഗാനിൽ നിന്നും ഔദ്യോഗികമായി അറിയിപ്പ് നൽകാതെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഡൽഹിയിലെത്തിയത്. ഇന്ന് 11ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കറുമായി വാങ് യി ചർച്ച നടത്തിയിരുന്നു. 2020ൽ ഇന്ത്യ-ചൈന സൈനിക പ്രതിരോധ നടപടിയ്‌ക്ക് ശേഷം ഇന്ത്യ-ചൈനയുടെ ബന്ധം പൂർവസ്ഥിതിയിലായിട്ടില്ല. കിഴക്കൻ ലഡാക്കിലെ പ്രശ്‌നബാധിത പ്രദേശത്ത് ചില ഭാഗത്ത് നിന്നും സൈന്യത്തെ ഇരു രാജ്യങ്ങളും പിൻവലിച്ചെങ്കിലും പൂർണമായ സൈനിക പിൻമാറ്റം സാദ്ധ്യമായിട്ടില്ല.

മാർച്ച് 11ന് ഇന്ത്യ-ചൈന സൈനികതല ചർച്ച 15 റൗണ്ട് പൂർത്തിയാക്കി. 2020 മേയ് അഞ്ചിനായിരുന്നു ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടൽ നടന്നത്. പാങ്‌ഗോംഗ് തടാകക്കരയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈന മരണമടഞ്ഞ സൈനികരുടെ എണ്ണം പുറത്തുവിട്ടില്ലെങ്കിലും വളരെ എണ്ണം കൂടുതലാണ് എന്നാണ് വിവരം. ഇതോടെ ഇരു രാജ്യങ്ങളും ഇവിടേക്ക് സൈനികവിന്യാസം വർദ്ധിപ്പിച്ചത് ലോകമാകെ ആശങ്കയോടെയാണ് കണ്ടത്. 50000 മുതൽ 60000 വരെ സൈനികരാണ് ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിലുള‌ള പ്രശ്‌നബാധിത പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്.