kk

തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് സാഹിത്യകാരൻ ടി. പദ്‌മനാഭൻ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഈ സര്‍ക്കാര്‍ അത് ചെയ്യണം. ഇല്ലെങ്കില്‍ ഭാവി കേരളം സർക്കാരിന് മാപ്പ് തരില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിജീവിതയായ നടിയുടെ മേളയിലെ രംഗപ്രവേശത്തെ ആവേശത്തോടെയാണ് താന്‍ കണ്ടതെന്ന് പദ്മനാഭൻ പറ‌ഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയില്‍ വനിതാ സംവിധായകരുടെ സാന്നിദ്ധ്യം മാത്രമല്ല അതിജീവിതയ്ക്ക് ലഭിച്ച കൈയടിയാണ് തന്നെ അത്ഭുതപ്പെടുത്തിയത്. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. തൊഴില്‍ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇനിയും വെളിച്ചത്ത് വരേണ്ടതുണ്ട്. തെറ്റ് ചെയ്തവര്‍ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവര്‍ത്തിമാര്‍ക്കും വാഴാന്‍ കഴിയില്ലെന്നും ടി. പദ്‌മനാഭന്‍ പറഞ്ഞു.